പോലീസിന്റെ അക്ഷയപാത്രത്തിന് നൂറുദിവസം; വിശക്കാതെ വടകര

വടകര: നൂറുദിവസം കഴിഞ്ഞു, പോലീസിന്റെ അക്ഷയപാത്രം ഒഴിയുന്നേയില്ല. വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ വടകര പോലീസ് തുടങ്ങിയ അക്ഷയപാത്രം പദ്ധതിയിലേക്ക് ഇപ്പോഴും ഭക്ഷണപ്പൊതികൾ ഒഴുകുകയാണ്. കാരുണ്യവും കരുതലും ചേർത്ത് പൊതിഞ്ഞുകെട്ടിയ പോലീസിന്റെ സ്നേഹസമ്മാനം. വടകരയിലെ മുൻ ഡിവൈ.എസ്.പി. പി.പി. സദാനന്ദനാണ് പദ്ധതി തുടങ്ങിയത്.

 

കണ്ണൂർ നഗരത്തിൽ ഇദ്ദേഹം തന്നെ നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു ഇതും. ലക്ഷ്യം ഒന്നുമാത്രം. ടൗണിൽ പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കുപോലും ഭക്ഷണം കിട്ടാതെ പോകരുത്. ഇതിനായി വടകര ട്രാഫിക് യൂണിറ്റിന്റെ സമീപം ഒരു കൗണ്ടർ തുറന്ന് അതിൽ ഭക്ഷണം ചൂടുപോകാതെ സൂക്ഷിക്കാൻ കഴിയുന്ന ഫുഡ് ചില്ലർ വാങ്ങിവെച്ചു. ഭക്ഷണം മുടങ്ങാതെ എത്തിക്കാൻ അത്താഴക്കൂട്ടം കൂട്ടായ്മയും രംഗത്തെത്തി. എല്ലാ ദിവസവും ഉച്ചയ്ക്കു മുമ്പെ അമ്പതോളം ഭക്ഷണപ്പൊതികൾ ഇവിടെ എത്തും. ഇതിനെല്ലാം സ്പോൺസർമാരുണ്ട്.

 

പോലീസും അത്താഴക്കൂട്ടവുമാണ് സ്പോൺസർമാരെ കണ്ടെത്തിയതും ഇത് ദിവസവും ശേഖരിക്കുന്നതും. ഉച്ചയ്ക്ക് ശരാശരി 30 പേരെങ്കിലും ഇവിടെനിന്ന് ഭക്ഷണപ്പൊതി എടുക്കുന്നുണ്ട്. ആവശ്യമുള്ളവർ ഇവിടെവന്ന് ഭക്ഷണം എടുക്കുന്നതാണ് രീതി. രാത്രിയിലും ഇതേപോലെ ഭക്ഷണപ്പൊതിക്ക് ആളുകളെത്തും. ടൗണിൽ അന്തിയുറങ്ങുന്നവരും മറ്റുമാണ് പ്രധാനഗുണഭോക്താക്കൾ. ഇത് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു നോക്കാനും ഇവിടെ സംവിധാനമുണ്ട്. വിവാഹത്തിനും മറ്റ് വിശേഷാവസരങ്ങളിലുമെല്ലാം വീട്ടുകാരും ഇവിടെ ഭക്ഷണം എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് മുൻകൂട്ടി അറിയിക്കണം.

 

ഇവിടെ സ്ഥിരമായി ഭക്ഷണം എടുക്കാൻ വരുന്നവരെ നിരീക്ഷിച്ച് ഇവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും പോലീസ് ആവിഷ്കരിക്കുന്നുണ്ട്. അക്ഷയപാത്രം പദ്ധതിയുടെ നൂറാംദിവസആഘോഷം കേക്ക് മുറിച്ചുകൊണ്ട് പോലീസും അത്താഴക്കൂട്ടം പ്രവർത്തകരും ആഘോഷിച്ചു. വടകര സി.ഐ. പി.എം. മനോജ് കേക്ക് മുറിച്ചു.
Comments

COMMENTS

error: Content is protected !!