കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി പതിനൊന്നുവരെ ബീച്ച്, മാനാഞ്ചിറ, തളി, ടൗണ്‍ ഹാള്‍, കുറ്റിച്ചിറ, ബേപ്പൂര്‍, ഫറോക്ക് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകുന്നേരം നാലിന് ശേഷം കോഴിക്കോട് ബീച്ച്, ബീച്ച് ഓപ്പണ്‍ സ്റ്റേജ് ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ക്കു പ്രവേശനമുണ്ടായിരിക്കുന്നതല്ല. കോഴിക്കോട് ബീച്ചിലേക്ക് വിനോദത്തിനും പരിപാടികളില്‍ പങ്കുചേരുന്നതിനും പരിപാടികള്‍ കാണുന്നതിനുമായി വരുന്ന ആളുകള്‍ യാതൊരു കാരണവശാലും വാഹനവുമായി ബീച്ചിലേക്ക് പ്രവേശിക്കാന്‍ പാടുള്ളതല്ല. വാഹനങ്ങള്‍ താജ് ഹോട്ടലിനു വലതുവശത്തുള്ള കെടിസി ഗ്രൂപ്പിന്റെ ഗ്രൗണ്ടിലോ താജ് ഹോട്ടലിനു മുന്‍വശം മേയര്‍ ഭവന്റെ സമീപമുള്ള ലയോള സ്കൂള്‍ ഗ്രൗണ്ടിലോ സൗത്ത് ബീച്ചിലോ നോര്‍ത്ത് ബീച്ചിലോ (മറ്റുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തില്‍) പാര്‍ക്ക് ചെയ്യേണ്ടതാണ്.
തളി ക്ഷേത്രത്തിനു സമീപം നടക്കുന്ന പരിപാടികളില്‍ പങ്കുചേരുന്നതിനും പരിപാടികള്‍ കാണുന്നതിനുമായി വരുന്ന ആളുകള്‍ നിര്‍ബന്ധമായും വാഹനങ്ങള്‍ സാമൂതിരി സ്കൂളിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.രാമനാട്ടുകര ഭാഗത്തു നിന്നും ഫറോക്ക് വഴി കോഴിക്കോട് സിറ്റിയിലേക്കു വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ബസുകള്‍ ഫറോക്ക് പുതിയ പാലം വഴി കോഴിക്കോട് സിറ്റിയിലേക്കു പോവേണ്ടതാണ്.ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഫറോക്ക് പഴയ പാലം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്. മറ്റുള്ള സ്ഥലങ്ങളില്‍ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.