കോഴിക്കോട് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരം പൂട്ടി

കോഴിക്കോട്: പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരം പൂട്ടി. സാമൂഹ്യനീതി വകുപ്പിന്‍റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് മന്ദിരം പൂട്ടിയത്. ഇവിടുത്തെ അന്തേവാസികളായ 41 സ്ത്രീകളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. അന്തേവാസികളെ ലൈെംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്‍റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തു.
ആകാശപ്പറവകളെന്ന പേരില്‍ പുല്ലൂരാംപാറയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന അഗതിമന്ദിരമാണ് പൂട്ടിയത്. വൃദ്ധമന്ദിരം നടത്താനുളള ലൈസന്‍സ് മാത്രമുളള സംഘടന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെയാണ് ഇവിടെ പാര്‍പ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുളള 41 പേരെ ഇടുങ്ങിയ മുറികളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേന്ദ്രത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച്‌ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം സാമൂഹ്യനീതി വകുപ്പ് മെഡിക്കല്‍ സംഘത്തെ കഴിഞ്ഞയാഴ്ച പരിശോധനയ്ക്കയച്ചപ്പോഴാണ് ലൈംഗീക പീഢനം സംബന്ധിച്ച്‌ അന്തേവാസികള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, വിവിധയിടങ്ങളില്‍ അലഞ്ഞു തിരിഞ്ഞ സ്ത്രീകളെ പൊലീസുള്‍പ്പെടെയുള്ളവരാണ് ഈ കേന്ദ്രത്തിലെത്തിച്ചതെന്നും സുതാര്യമായ രീതിയിലാണ് കേന്ദ്രം നടത്തിയതെന്നും നടത്തിപ്പുകാരന്‍ ഡാനിയല്‍ പറഞ്ഞു. ഡാനിയലും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റാണ് കേന്ദ്രം നടത്തിയിരുന്നത്.
Comments

COMMENTS

error: Content is protected !!