കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിൽ  ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവിൽ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിച്ച കൊറോണ കെയർ സെന്ററിലെ ഒരു അന്തേവാസിക്കാണ്  രോഗം സ്ഥിരീകരിച്ചത്.  ഈ സാഹചര്യത്തിൽ ഇവരുടെ സുരക്ഷിതത്വവും  പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം ചേർന്നത്.

മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിലുള്ള അന്തേവാസികളിൽ പകുതി പേരെ ഇതേ കാമ്പസിൽ തന്നെയുള്ള ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിക്കും. ഈ രണ്ട് കെട്ടിടങ്ങളും കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കും.

രണ്ട് കൊറോണാ കെയർ സെന്ററുകളിലുമുള്ള മുഴുവൻ പേരെയും മെഡിക്കൽ സ്ക്രീനിങ്ങിന് വിധേയമാക്കും. എല്ലാ കോവിഡ് കെയർ സെന്ററുകളിലും മെഡിക്കൽ സ്ക്രീനിങ് നടത്താനുള്ള നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിക്കും.

ക്യാമ്പുകളുടെ നടത്തിപ്പിന് മേൽനോട്ടം   സംബന്ധിച്ച് ക്യാമ്പ് മാനേജരായി  ജൂനിയർ സൂപ്രണ്ട് /  ഡെപ്യൂട്ടി തഹസിൽദാർ പദവിയിൽ കുറയാത്ത തസ്തികയിലുള്ള ഉദ്യോഗസ്ഥനെ തഹസിൽദാർ നിയോഗിക്കും. ഹെൽത്ത് വളണ്ടിയർമാരുടെ സേവനം ഇവർക്ക് ലഭ്യമാകും. ക്യാമ്പിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോർപ്പറേഷൻ ജീവനക്കാരെ ഹെൽത്ത് ഓഫീസർ നിയോഗിക്കും. സെന്ററുകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ അണുനശീകരണം നടത്തും.

ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർ മറ്റ് ജീവനക്കാർ എന്നിവർക്ക് N 95 മാസ്ക്,  ഗ്ലൗസുകൾ എന്നിവ ജില്ലാ മെഡിക്കൽ ഓഫീസർ നൽകും. എന്തെങ്കിലും ആവശ്യങ്ങൾക്ക് ക്യാമ്പുകളുടെ മുറിക്കകത്ത് പ്രവേശിക്കേണ്ടി വരുന്നവർ PPE കിറ്റ്  ഉപയോഗിക്കേണ്ടതാണ്. ക്യാമ്പിനകത്ത് അന്തേവാസികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ മാനേജർമാരും വളണ്ടിയർമാരും ശ്രദ്ധിക്കണം.

കെയർ സെന്ററുകളുടെ ഏകോപന ചുമതല സബ് കലക്ടർ ജി പ്രിയങ്ക, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് എന്നിവർക്കും ആവശ്യമായ കിറ്റുകൾ നൽകേണ്ട ചുമതല ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, തഹസിൽദാർ ശുഭൻ എന്നിവർക്കുമാണ്. ക്യാമ്പുകളിൽ മുഴുവൻ സമയ പോലീസ് കാവൽ ഉറപ്പുവരുത്താനുള്ള നടപടി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിക്കണം. മെഡിക്കൽ കോളേജ് കോവിഡ് കെയർ സെന്ററുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ആവശ്യമായ സ്ഥലത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള  നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണം.

യോഗത്തിൽ സബ്കലക്ടർ ജി പ്രിയങ്ക, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ, സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ്, ഡോ. ചാന്ദിനി എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!