ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹം നടത്താൻ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹ​ങ്ങൾ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. എത്ര സമയം വരെ വിവാഹം ആകാമെന്നതിൽ തീരുമാനമായിട്ടില്ല.

നിലവിൽ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം നടക്കാറുണ്ടായിരുന്നില്ല. എന്നാൽ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനിച്ചത്. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്.  നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല.

നായർ സമാജം ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, മകന്റെ  വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകിട്ട് നടത്താൻ അനുമതിക്കായി  ദേവസ്വത്തിന് 2022 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താൻ ദേവസ്വത്തെ പ്രേരിപ്പിച്ചത്.

Comments
error: Content is protected !!