ചാക്ക് കണക്കിന് അരി തോട്ടിൽ തള്ളിയ നിലയിൽ

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂർ ചാന്തോട്ട് താഴെ തോട്ടിൽ ചാക്കരി തള്ളിയ നിലയിൽ. റേഷനരിയെന്ന് സംശയം. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാർക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തോട്ടിൽ തള്ളിയ നിലയിൽ ചാക്കരി കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലെ ആർ ഐ മാരായ കെ കെ ബിജു, ഷീബ, വി വി ഷിൻജിത്ത്, പി കെ അബ്ദുൽ നാസർ, കെ.സജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.

ഏതാണ്ട് അഞ്ചോളം ചാക്ക് അരി തോട്ടിലേക്ക് നിക്ഷേപിച്ച നിലയിലാണ് ഉള്ളത്. അരി ചാക്കിൽ നിന്നും പൊട്ടിച്ച് തോട്ടിലേക്ക് തള്ളിയിരിക്കുകയാണ്. അവിടെ നിന്നും കണ്ടെത്തിയ ചാക്കിനു മുകളിൽ സിവിൽ സപ്ലെയ്‌കോയുടെ പേരുണ്ടായിരുന്നതായി റേഷൻ ഇൻസ്‌പെക്ടർ പറഞ്ഞു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ അടുത്തുള്ള നാല് റേഷൻ കടകളിൽ ഉടൻ തന്നെ പരിശോധന നടത്തിയെങ്കിലും അവിടെ നിന്നൊന്നുമല്ല എന്ന് വ്യക്തമായതായും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!