കഴിഞ്ഞ ദിവസം കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകന്‍റെ മരണം കൊലപാതകം

കഴിഞ്ഞ ദിവസം കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകന്‍റെ മരണം കൊലപാതകം. മുണ്ടേരി ഗവ. സ്കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബു(47)വിനെ കൊലപ്പെടുത്തിയ കേസില്‍ ഉപ്പട ഉദിരകുളം ബിജു (54), ഒപ്പം താമസിക്കുന്ന പന്നിക്കോടന്‍ ലത (36) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നുപേരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികള്‍ മരക്കമ്പുകൊണ്ട് തലക്കടിച്ചുവീഴ്ത്തി ബാബുവിനെ പുഴയില്‍ തള്ളുകയുമായിരുന്നു. എടക്കര ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മിൽ പരിചയപ്പെട്ടത്.

മൃതദേഹപരിശോധനയില്‍ പുഴയില്‍ മുങ്ങിയതാണ് മരണകാരണമെന്നായിരുന്നു നിഗമനം. ഫൊറന്‍സിക് പരിശോധനയിലും കാര്യമായ തെളിവ് കിട്ടിയില്ല. ബാബുവിന്റെ മൊബൈല്‍ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക സൂചന കിട്ടുകയായിരുന്നു. സെപ്റ്റംബര്‍ 13-ന് ഉച്ചയോടെ പുഴയില്‍ ചൂണ്ടയിടാന്‍പോയ ആളാണ് മൃതദേഹം കരിമ്പുഴയുടെയും പുന്നപ്പുഴയുടെയും സംഗമസ്ഥാനത്തിനുസമീപം കണ്ട് പോലീസിനെ അറിയിച്ചത്.

ഇക്കഴിഞ്ഞ സെപ്തoബർ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ താമസിച്ച് വരുന്ന ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു. തുടർന്ന് മൂവരും തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് പ്രതി ബിജു അധ്യാപകന്‍ കൂടിയായ ബാബുവിൻ്റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തിൽ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച് പുന്നപുഴയില്‍ തള്ളുകയായിരുന്നു.

ബാബുവിന്‍റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവ പ്രതികള്‍ അപഹരിച്ചു.  ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബർ 8 ന് സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വെള്ളത്തെ പേടിക്കുന്ന ബാബു സ്വന്തംനിലയില്‍ പുഴയിലിറങ്ങില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ബാബുവിന്റെ ഫോണ്‍ ബിജുവിന്റെ കൈയിലുണ്ടെന്നു കണ്ടെത്തി. ബാബുവിന്റെ സിം എടുത്തുകളഞ്ഞ് ബിജു സ്വന്തം സിം ഇട്ട് ഫോണ്‍ ഉപയോഗിച്ചുവരികയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ബാബുവിനെ അടിക്കാനുപയോഗിച്ച മരക്കൊമ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ രക്തക്കറയുണ്ടോ എന്നറിയാന്‍ ഫൊറന്‍സിക് പരിശോധന നടത്തും.

നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ്‌ചെയ്തു.

Comments

COMMENTS

error: Content is protected !!