ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭം; ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്

കൊച്ചിയിലെ ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭത്തിന് പരിഹാരം കാണാന്‍ ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്. താല്‍ക്കാലിക പരിഹാരം വേഗത്തിലാക്കും. കടല്‍ഭിത്തി തകരുകയും ജിയോ ട്യൂബ് നിര്‍മാണം പരാജയപ്പെടുകയും ചെയ്തതോടെ രൂക്ഷമായ കടലാക്രമണമാണ് ചെല്ലാനം മേഖലയില്‍ അനുഭവപ്പെടുന്നത്.

 

ചുമതലയേറ്റതിന് പിന്നാലെ ചെല്ലാനത്തെത്തിയ കളക്ടര്‍ കടല്‍ക്ഷോഭം ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. താല്‍ക്കാലിക പരിഹാരം വേഗത്തിലാക്കുമെന്ന് തീരദേശ ജനതയ്ക്ക് കളക്ടറുടെ ഉറപ്പ് . ചെല്ലാനം മേഖലയിലെ കമ്പനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. അടുത്ത കാലവര്‍ഷത്തിനു മുന്‍പായി കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. 8 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ താത്കാലിക പരിഹാരത്തിന് വേഗതകൂട്ടാനാണ് ജില്ലാഭരണകൂടം മുന്‍ഗണന നല്‍കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.

 

ഓഖിയില്‍ തകര്‍ന്ന കടല്‍ഭിത്തി ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. ജിയോ ട്യൂബില്‍ മണല്‍ നിറക്കാനുള്ള പദ്ധതി പരാജയപ്പെടുകയും ചെയതു. ഇതോടെ ജിയോ ബാഗുകളില്‍ മണല്‍ നിറച്ച് തീരം സംരക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
Comments

COMMENTS

error: Content is protected !!