മലയോരത്ത് തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നു; കൂമ്പുചീയലും വ്യാപകം

മലയോരമേഖലയില്‍ തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമായി പടരുന്നു. തൈത്തെങ്ങുകളിലടക്കം തെങ്ങോലകള്‍ മഞ്ഞനിറനിറത്തിലാകുന്നത് കേരകര്‍ഷകരെ ആശങ്കയിലാഴ്ത്തി. മഞ്ഞളിപ്പിനൊപ്പംതന്നെ കീടങ്ങളുടേയും അക്രമണത്താല്‍ തെങ്ങോലകള്‍ കരിയുകയും ചീയുകയും ചെയ്യുന്നു.

 

കുമിള്‍രോഗം ബാധിക്കുകയും കൂമ്പുചീയലും കാണുന്നുണ്ട്. കേളകം, കൊട്ടിയൂര്‍, അടക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെങ്ങുകള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് ബാധിച്ചിട്ടുണ്ട്. കണിച്ചാര്‍, കൊളക്കാട് മേഖലയിലും ഇതേ പ്രശ്‌നമുണ്ട്. മണ്ണിലെ ധാതുലവണങ്ങളുടെയും മൂലകങ്ങളുടെയും ഘടനയില്‍ വന്നിരിക്കുന്ന മാറ്റമാണ് രോഗബാധയ്ക്ക് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

 

മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നതാണ് ഓലകളിലെ മഞ്ഞനിറത്തിന് കാരണം. ബോറോണിന്റെ കുറവ് തേങ്ങ ഉത്പാദനത്തെ ബാധിക്കുന്നു. ബോറോണ്‍ അളവിലുണ്ടാകുന്ന മാറ്റം മച്ചിങ്ങ പൊഴിയുന്നതും കൂടുതലാക്കുന്നു. കാല്‍സ്യത്തിന്റെ കുറവ് തെങ്ങിന്റെ വളര്‍ച്ചയെ ബാധിക്കുന്നു.

 

ഉത്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്കൊപ്പം തേങ്ങയുടെ വിലയിടിവും വലിയ തിരിച്ചടിയാകുന്നു. കൃഷിഭവനുകള്‍ വഴി മൂലകങ്ങളും കുമ്മായവും സബ്സിഡി നിരക്കില്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

 

മണ്ണിലെ മൂലകങ്ങള്‍ കുറയുന്നതാണ് മഞ്ഞളിപ്പിന്റെ കാരണങ്ങളിലൊന്ന്. മൂലകങ്ങളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷത്തില്‍ 500 ഗ്രാം മഗ്‌നീഷ്യം, 50 ഗ്രാം ബോറോണ്‍, രണ്ടുകിലോവരെ കുമ്മായം, 50 കിലോ ജൈവവളങ്ങള്‍ എന്നിങ്ങനെ നല്‍കുന്നത് നല്ലതാണ്. മഴതുടങ്ങുന്ന സമയമാണ് ഇവ ഇടുന്നതിന് അനുയോജ്യം -കൃഷി ഓഫീസര്‍ പറഞ്ഞു.

 

വിലകുറഞ്ഞതോടെ പരിപാലനം കുറഞ്ഞതും രോഗങ്ങള്‍ കൂടുതലാകാന്‍ കാരണമായെന്ന് കണിച്ചാര്‍ കൃഷി ഓഫീസര്‍ പറയുന്നു.
Comments

COMMENTS

error: Content is protected !!