ജനാധിപത്യ കേരളത്തിൻ്റെ ചരിത്രം കലാസമിതികളുടെതു കൂടിയാണ്. ഡോ: സോമൻ കടലൂർ

മേപ്പയ്യൂർ: കേരളീയ നവോത്ഥാനത്തിൻ്റെ അടിക്കല്ലാണ് കലാസമിതികളെന്നും മതേതര ജനാധിപത്യ ആശയങ്ങൾ പ്രാദേശിക ജനതയുടെ ഹൃദയങ്ങളിലേക്ക് ചേർത്ത് നിർത്തുന്നത് സക്രിയമായ കലാസമിതികളാണെന്നും ഡോ.സോമൻ കടലൂർ പ്രസ്ഥാവിച്ചു. മേപ്പയ്യൂരിൽ ഗായകൻ രജീഷ് അമ്മാറത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ ചരിത്രം കലാസമിതികളുടേതു കൂടിയാണ്. മനുഷ്യർക്കിടയിൽ വിഭാഗീയതയും വെറുപ്പും രൂപപ്പെടുത്തുന്ന എല്ലാ വിപണി തന്ത്രങ്ങൾക്കെതിരെയും മതേതര പൊതു ഇടം സംരക്ഷിക്കുന്നതിലും ഗ്രാമീണ കലാ സമിതികൾ വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പന്ദനം ആർട്സിൻ്റ ആഭിമുഖ്യത്തിൽ അമ്മാറത്ത് മുക്കിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്തംഗം ദീപ കേളോത്ത് അധ്യക്ഷയായിരുന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി.രാജൻ, മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ, പി കെ.പ്രിയേഷ് കുമാർ, അപ്പ പി രജിലേഷ്, എ സുബാഷ് കുമാർ, പി കെ.ഭവിതേഷ്, ഷിനോജ് എടവന,സ്നേഹ അമ്മാറത്ത് എന്നിവർ സംസാരിച്ചു. വിവിധ മത്സര ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത കലാകാരൻമാർ അണിനിരന്ന ഗാനാഞ്ജലി നടന്നു. ശ്രീജിത് കൃഷണ ശ്രുതിലയം, പ്രശസ്ത ഗസൽ ഗായകരായ നിതീഷ് കാർത്തിക്, സുസ്മിത എന്നിവരും റിജേഷ് മേപ്പയ്യൂർ, ഷൈജ, സോനു മേപ്പയ്യൂർ ഷോണിമ, സായന്ത കൊയിലോത്ത് എന്നിവരും അണിനിരന്നു. ഷിജി (കീ ബോർഡ്) നിതിൻ ( ലീഡ് ഗിറ്റാർ), ഡോൺ തലശ്ശേരി (ഗിറ്റാർ), ലാൽ വടകര, പൊന്നു കോഴിക്കോട്(തബല ), രാം. സി. പണിക്കർ ( ഫ്ലൂട്ട്), സുരേഷ് മടപ്പള്ളി (കമ്പോസർ ) എന്നിവർ ഗാനാഞ്ജലിക്ക് കൊഴുപ്പേകി.

Comments

COMMENTS

error: Content is protected !!