ജനുവരിമുതൽ പ്ലാസ്‌റ്റിക്‌ നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുന്നതും വിൽക്കുന്നതും  സൂക്ഷിക്കുന്നതും  ജനുവരി മുതൽ സംസ്ഥാനത്ത് നിരോധിച്ചു.  പുറന്തള്ളുന്ന  പ്ലാസ്റ്റിക്കുകൾ  പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളർന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

 

നിയമം ലംഘിക്കുന്ന നിർമാതാക്കൾ, വിതരണക്കാർ, വിൽപ്പനക്കാർ എന്നിവർക്ക് 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമം ലംഘിച്ചാൽ 25,000 രൂപയാണ് പിഴ. തുടർന്നാൽ അരലക്ഷം പിഴ ഈടാക്കും. പ്രവർത്തനാനുമതിയും റദ്ദാക്കും. തദ്ദേശ സെക്രട്ടറിമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കും നടപടിക്ക്‌ അധികാരമുണ്ട്‌.

 

പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരിച്ചുവാങ്ങി പണം നൽകാൻ ബിവറേജസ് കോർപറേഷൻ, കേരഫെഡ്, മിൽമ, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.

 

കയറ്റുമതിക്കും ആരോഗ്യരംഗത്തും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെയും  കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമിച്ചവ യെയും ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നത്‌ ആലോചിക്കാൻ  നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണ്‌ നിരോധനം.

ക്യാരി ബാഗ്‌ മുതൽ തെർമോകോൾ വരെ

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),  മേശവിരി,  കൂളിങ്‌ ഫിലിം, പ്ലേറ്റ്‌, കപ്പ്‌, തെർമോക്കോളും സ്റ്റൈറോഫോമും കൊണ്ടുണ്ടാക്കുന്ന അലങ്കാരവസ്തുക്കൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന  കപ്പ്‌, പ്ലേറ്റ്‌, സ്പൂൺ, ഫോർക്ക്‌, സ്ട്രോ, ഡിഷുകൾ,  പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പ്‌, പ്ലേറ്റ്‌,  ബൗൾ, നോൺ വൂവൺ ബാഗ്‌,  ഫ്ളാഗ്‌, പ്ലാസ്റ്റിക് കെട്ടുവള്ളി, വാട്ടർ പൗച്ചസ്,  ജ്യൂസ് പാക്കറ്റ്‌,  പെറ്റ് ബോട്ടിലുകൾ  (300 മില്ലിക്ക് താഴെ),  ഗാർബേജ് ബാഗ്,  പിവിസി ഫ്ളക്സ്,  പാക്കറ്റുകൾ തുടങ്ങിയവയാണ് നിരോധിച്ചത്.
Comments

COMMENTS

error: Content is protected !!