സ്വർണക്കടത്തു കേസ്: വിഷ്ണു കീഴടങ്ങി

കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോഗ്രാം സ്വർണം കടത്തിയ കേസിലെ പ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി. കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (‍ഡിആർഐ) ഓഫിസിലാണു കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി. വിഷ്ണുവാണ് സ്വർണക്കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്നാണു ഡിആർഐയുടെ കണ്ടെത്തൽ. വിഷ്ണു സമർപ്പിച്ച മൂൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു.

 

കള്ളക്കടത്ത് സിൻഡിക്കറ്റിന്റെ ഗൂഢാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നാണു ഡിആർഐ കോടതിയിൽ ബോധിപ്പിച്ചത്. കേസിലുൾപ്പെട്ട സഹായികളും സൂത്രധാരന്മാരും പിടിയിലാകാനുണ്ട്. അഡ്വ എം.ബിജു, പ്രകാശ് തമ്പി, അബ്ദുൽ ഹക്കിം എന്നിവരുമായി ചേർന്നാണു വൻതോതിൽ സ്വർണം കടത്തിയതെന്നാണു നിഗമനം. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളക്കടത്ത്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു സ്വർണക്കടത്ത് ഏകോപിപ്പിച്ചതു വിഷ്ണുവാണെന്നു മറ്റു പ്രതികളുടെ മൊഴിയുണ്ട്.

 

വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സുഹൃത്തും മാനേജരുമായിരുന്നു വിഷ്ണു. ബാലഭാസ്കറിന്റെ വിദേശപരിപാടികൾ സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നും പരിശോധിക്കുന്നു.

 

സുനിൽകുമാറിനെ ചോദ്യംചെയ്തു

 

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ പിടിയിലായി കാക്കനാട് ജയിലിൽ കഴിയുന്ന തിരുമല സ്വദേശി സുനിൽകുമാറിനെ ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കാക്കനാടു ജയിലിൽ ഇന്നലെ രാവിലെ 10 മുതൽ ഒന്നു വരെ ചോദ്യം ചെയ്യൽ നീണ്ടു.

 

ബാലഭാസ്കറിന്റെ അടുപ്പക്കാരൻ  സ്വർണക്കടത്തു കേസിൽ പിടിയിലായ പ്രകാശ് തമ്പിയും സുനിൽകുമാറും ബന്ധുക്കളാണ്. അതിനാൽ ഇവർ തമ്മിൽ ബാലഭാസ്കറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനാണു പ്രധാനമായും ചോദ്യം ചെയ്തത്. പ്രകാശ് തമ്പിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു സുനിൽകുമാറിന് അറിവുണ്ടോയെന്നും പരിശോധിച്ചതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ഹരികൃഷ്ണൻ പറഞ്ഞു. അപകടത്തെക്കുറിച്ചോ ബാലഭാസ്കറുമായുള്ള ബന്ധം സംബന്ധിച്ചോ പ്രകാശ് തമ്പി സുനിലിനോടു വെളിപ്പെടുത്തൽ നടത്തിയോ എന്നതും ചോദ്യം ചെയ്യലിൽ വിഷയമായി.
Comments

COMMENTS

error: Content is protected !!