ട്രാഫിക്കില്‍ കുടങ്ങിയതിന്റെ അമര്‍ഷം ഹോണടിച്ച് തീര്‍ക്കേണ്ട; ചെവിതുളച്ച് ഹോണടിച്ചാല്‍ പിടിവീഴും
ട്രാഫിക് സിഗ്നലിലോ ഗതാഗതക്കുരുക്കിലോ പെട്ടുപോയതിന്റെ അമര്‍ഷം ഇനി ഹോണില്‍ അമര്‍ത്തി തീര്‍ക്കേണ്ട. അനാവശ്യമായി ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ കുടുങ്ങും. ഇത്തരക്കാരെ കുടുക്കാനായി മോട്ടോര്‍വാഹന വകുപ്പ് പരിശോധന കടുപ്പിച്ചു. ‘ഓപ്പറേഷന് ഡെസിബെല്‍’ എന്ന പേരില്‍ പ്രത്യേക പരിശോധനയും നടത്തി.
പരിശോധനയില്‍, രണ്ടുദിവസം കൊണ്ട് 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എം.കെ. ജയേഷ് കുമാര്‍ പറഞ്ഞു. 1.205 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. അനുവദനീയമായതിലും അധികം ശബ്ദമുണ്ടാക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഗര്‍ഭസ്ഥശിശുവിനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അമിതശബ്ദം കേള്‍ക്കുന്നതു വഴി വേഗം കേള്‍വിത്തകരാര്‍ സംഭവിക്കും.
എയര്‍ ഹോണുകള്‍ നേരത്തേ നിരോധിച്ചവയാണെങ്കിലും ഇത് ഇപ്പോഴും ഉപയോഗത്തിലുണ്ട്. നിര്‍മിതഹോണുകള്‍ മാറ്റി ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ പിടിപ്പിക്കുന്നതായും പരാതിയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് മോട്ടോര്‍വാഹന വകുപ്പ് ഓപ്പറേഷന് ഡെസിബെല്‍ നടപ്പാക്കിയത്.
ഹോണ്‍ നിരോധിത മേഖലകളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ പിടിവീഴും. പിഴയീടാക്കും. ശബ്ദമലിനീകരണത്തിനെതിരേ ബോധവത്കരണം നടത്തുകയും ചെയ്യും.