DISTRICT NEWS

ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വഹിച്ചു. ശാസ്ത്രീയ വിവരങ്ങള്‍ അടിസ്ഥാനമാക്കി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം. പിയൂഷ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും നിതാന്ത ജാഗ്രതയോടെയും ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികളെ തടയാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ ഡോ കെ.കെ ഷിനി ദിനാചരണ സന്ദേശവും സാമൂഹ്യ ഡെങ്കി പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. ചടങ്ങില്‍ പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ സാമഗ്രികളുടെ വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍മാന്‍ കെ ടി എം കോയ നിര്‍വഹിച്ചു.

‘ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’ എന്ന ദിനാചരണ സന്ദേശവുമായി ജില്ലയിലുടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലും പൊതു ഇടങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. കാലവര്‍ഷത്തിന് മുന്നോടിയായി വരുംദിവസങ്ങളില്‍ ഡെങ്കിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കും.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ലൈജു, തിരുവങ്ങൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ടി. അനി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയ് തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ ശശി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിജു എന്നിവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button