താനൂർ ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അകലാപ്പുഴയിലെയും നെല്യാടിപ്പുഴയിലെയും ഉല്ലാസബോട്ടുകളിൽ റവന്യൂ, പോലീസ് സംഘം പരിശോധന നടത്തി

താനൂർ ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അകലാപ്പുഴയിലെയും നെല്യാടിപ്പുഴയിലെയും ഉല്ലാസബോട്ടുകളിൽ റവന്യൂ, പോലീസ് സംഘം പരിശോധന നടത്തി. വടകര ആർ ഡി ,  സി ബിജു,  വടകര ഡിവൈ എസ് പി ആർ ഹരിപ്രസാദ് എന്നിവരുടെ  നേതൃത്വത്തിൽ പ്രത്യേകമായിട്ടായിരുന്നു പരിശോധന. പുറക്കാട് ഗോവിന്ദമേനോൻ കെട്ട് ഭാഗത്ത് ഒൻപത് ശിക്കാരബോട്ടുകളിൽ ആർ ഡി ഒയും സംഘവും പരിശോധന നടത്തി.

ബുധനാഴ്ച വൈകീട്ടാണ് ആർ ഡി ഒ യും സംഘവും പരിശോധനയ്ക്കെത്തിയത്. പുറക്കാട് അച്ചംവീട് നട, നെല്യാടിക്കടവ് കൊടക്കാട്ടുംമുറി ഭാഗങ്ങളിലെ ഉല്ലാസബോട്ടുകളിലും സംഘം പരിശോധന നടത്തി.

അകലാപ്പുഴയിൽ പരിശോധന നടത്തിയ ബോട്ടുകളിൽ ആവശ്യമായ രേഖകളെല്ലാമുണ്ട്. പരിധിയിൽ കവിഞ്ഞ് കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. 

അതേസമയം കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെ രേഖകൾ, ഉടമകൾ കളക്ടർക്കു മുമ്പാകെ ഹാജരാക്കി. പരിശോധനയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ലെന്ന് ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി അറിയിച്ചു.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കളക്ടർ എ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ചാലിയത്ത് ജങ്കാർ, കടലുണ്ടി കമ്യൂണിറ്റി റിസർവ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ പരിശോധനയുണ്ടായിരുന്നു.

ചാലിയത്ത് ജങ്കാറിൽ ആവശ്യപ്പെട്ട രേഖകൾ കളക്ടർക്കു മുൻപാകെ ചൊവ്വാഴ്ച സമർപ്പിക്കുവാൻ ഉടമകൾക്ക് നിർദേശം നൽകിയിരുന്നു. കോഴിക്കോട് ബീച്ചിൽ അഡ്വഞ്ചർ സ്പോർട്സ് ഉടമകൾ രേഖകളുടെ ഒറിജിനൽ നൽകാതിരുന്നതിനാൽ കളക്ടർക്കു മുമ്പാകെ രേഖകൾ സമർപ്പിക്കാൻ പോർട്ട് ഓഫീസർക്ക് നിർദേശം നൽകിയിരുന്നു.

Comments

COMMENTS

error: Content is protected !!