വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം ഇന്ന്


കോഴിക്കോട്‌: തൊഴിലിടങ്ങളില്‍ മതിയായ ശമ്പളം നല്‍കാതെ സ്ത്രീകളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍. ജില്ലയില്‍ ചാരിറ്റബിള്‍ കള്‍ച്ചര്‍ അസോസിയേഷന്റെ പേരില്‍ രൂപീകരിച്ച അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാരുടെ പരാതി ഇത്തരത്തിലുള്ള ഒന്നാണെന്ന് അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസ് ഇന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 23) 12 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

തൊഴിലിടത്തിലെ ചൂഷണത്തെയും അതിക്രമത്തെയും കുറിച്ച് ഒരേ സ്വരത്തില്‍ പരാതി പറയാനാണ് അധ്യാപികമാര്‍ വന്നത്. തുച്ഛമായ വേതനത്തില്‍ വര്‍ഷങ്ങളോളമായി ജോലി ചെയ്യുന്നവരാണിവര്‍. ഇവരില്‍ 25 വര്‍ഷത്തോളം ജോലി ചെയ്തവര്‍ വരെ ഉള്‍പ്പെടും. ജോലി സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും യോഗം, മറ്റു പരിപാടികള്‍ എന്നൊക്കെ പറഞ്ഞു അധ്യാപികമാരെ വിളിച്ച് വരുത്തി കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ഇവരുടെ പരാതിയില്‍ സത്യമുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം എം.എസ് താര പറഞ്ഞു. കുറഞ്ഞ വേതനത്തിനാണ് പലയിടത്തും സ്ത്രീകള്‍ ജോലി ചെയ്യുന്നത്. ചെയ്യുന്ന തൊഴിലിന് മതിയായ ശമ്പളം കിട്ടുന്നുണ്ടോ എന്ന് വിദ്യാസമ്പന്നരായ സ്ത്രീകള്‍ ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും കേരള വിമന്‍സ് ഡയറക്ടറി സ്ത്രീസംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും എന്നീ പുസ്തകങ്ങളുടെയും വിവിധ ബ്രൗഷറുകളുടെയും പ്രകാശനവും നിര്‍വഹിക്കും. സ്തീധനത്തിനും ആര്‍ഭാട വിവാഹത്തിനുമെതിരെ കേരളത്തിലുടനീളം  സംവാദം സംഘടിപ്പിക്കും. എ പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ ഡോ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, സാമൂഹികനീതി വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത കമ്മിഷന്‍ അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനിത കമ്മീഷന്‍ അംഗങ്ങളായ എം.എസ്.താര,  ഷിജി ശിവജി, ഡോ ഷാഹിദ കമാല്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Comments
error: Content is protected !!