പാചകവാതക വില വർധിപ്പിക്കുന്നതിനെതിരെ ജനലക്ഷങ്ങൾ അടുപ്പുകൂട്ടി പ്രതിഷേധിച്ചു

കോഴിക്കോട്: പാതയോരങ്ങളിൽ തീർത്ത സമരകേന്ദ്രങ്ങളിൽ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ്‌ അണിചേർന്നത്‌. ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്ന എണ്ണക്കമ്പനികളെ നിയന്ത്രിക്കാൻ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരായ താക്കീതായി സമരം.
ഓരോ മണ്ഡലത്തിലെയും ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം.
കോഴിക്കോട്‌ നോർത്ത്‌ മണ്ഡലത്തിൽ 459 കേന്ദ്രങ്ങളിലായിരുന്നു സമരം. കൊയിലാണ്ടി മണ്ഡലത്തിൽ 300 കേന്ദ്രങ്ങളിലായിരുന്നു സമരം. ചെങ്ങോട്ടുകാവിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വിശ്വനും കാപ്പാട്‌ തൂവപ്പാറയിൽ ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദും മുചുകുന്നിൽ കെ ദാസൻ എംഎൽഎയും ഉദ്‌ഘാടനംചെയ്‌തു. നാദാപുരത്ത്‌ 300 കേന്ദ്രങ്ങളിൽ സമരം നടത്തി. കല്ലാച്ചി പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. വളയം ടൗണിൽ നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു, അരൂരിൽ ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്‌ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.
കുറ്റ്യാടി മണ്ഡലത്തിൽ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിൽ സമരം നടന്നു.  ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ കുട്ടോത്തും ജില്ലാകമ്മിറ്റി അംഗം കെ കെ ദിനേശൻ മൊകേരി കല്ലുംപുറത്തും  ഉദ്ഘാടനംചെയ്തു.
ബേപ്പൂർ മണ്ഡലത്തിൽ 160 ബൂത്തുകളിൽ സമരം നടന്നു. അരീക്കാട്‌ വെസ്‌റ്റ്‌ ന്യൂ കോളനിയിൽ വി കെ സി മമ്മദ്‌കോയ എംഎൽഎയും മണ്ണൂർ വടക്കുമ്പാട്ട്‌ ഫറോക്ക്‌ ഏരിയാ സെക്രട്ടറി എം ഗിരീഷും ഉദ്‌ഘാടനംചെയ്‌തു.
പേരാമ്പ്ര മണ്ഡലത്തിലെ 174 ബൂത്ത് കേന്ദ്രങ്ങളിലും സിപിഐ എം നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. എലത്തൂർ മണ്ഡലത്തിൽ  160 ബൂത്തുകളിലായി 500 കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി.  കക്കോടി ഈസ്റ്റ് ലോക്കലിൽ 122-ാം ബൂത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരനും,  ജില്ലാ കമ്മറ്റി അംഗം കാനത്തിൽ ജമീല തലക്കുളത്തൂരിലെ മതിലകത്തും, കക്കോടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ കക്കോടി ബസാറിലും സമരം ഉദ്ഘാടനം ചെയ്തു.
കുന്നമംഗലത്ത്‌ 560 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു. മാവൂരിൽ ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. കൂഴക്കോട് ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാർ  ഉദ്ഘാടനം ചെയ്തു. ബാലുശേരി മണ്ഡലത്തിൽ 590 കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടൽ സമരം നടന്നു.  ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ് അത്തോളിയിലും ജില്ലാകമ്മിറ്റിഅംഗങ്ങളായ പി കെ മുകുന്ദൻ ബാലുശേരിയിലും വി എം കുട്ടികൃഷ്ണൻ പനങ്ങാട് അറപ്പീടികയിലും പുരുഷൻ കടലുണ്ടി എംഎൽഎ ആമയാട്ടുവയലിലും ഏരിയാ സെക്രട്ടറി സി എം ശ്രീധരൻ നടുവണ്ണൂരിലും പങ്കെടുത്തു. കൊടുവള്ളി മണ്ഡലത്തിൽ 435 കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. തേനാക്കുഴിയിൽ ഏരിയാ സെക്രട്ടറി ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
Comments

COMMENTS

error: Content is protected !!