തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
മലയാളത്തിലേയും തുളുനാട്ടിലേയും മനുഷ്യ സംസ്കൃതിയുടെ തിരുശേഷിപ്പുകളും അടയാളങ്ങളും അന്വേഷിക്കുന്നവർ ആദ്യമെത്തുക തെയ്യങ്ങളിലാണ്. അത്യുത്തരകേരളത്തിലും മലബാറിലുമായി വർഷംതോറും ഏതാണ്ട് നാനൂറിലധികം തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്.കഴിഞ്ഞ ഏഴുവർഷമായി അത്യുത്തര കേരളത്തിലെ മിക്കവാറും എല്ലാ തെയ്യക്കാവുകളും തേടിച്ചെന്ന് തെയ്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന ഒരു തെയ്യം അന്വേഷകനാണ് മധു കിഴക്കയിൽ.ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആന്തട്ടയിലാണ് അദ്ധ്യാപകനായ മധുവിന്റെ വീട്. കൊയിലാണ്ടിയിലെ ആദ്യകാല പത്രപ്രവർത്തകനായ കെ രാഘവൻ കിടാവിന്റേയും സരസ്വതി അമ്മയുടേയും മകനാണ്. സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റും അദ്ധ്യാപകനും എഴുത്തുകാരനുമൊക്കെയായിരുന്നു രാഘവൻ കിടാവ്.
കലിക്കറ്റ് പോസ്റ്റ് തെയ്യങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഒരു പംക്തി ആരംഭിക്കുകയാണ്. ആഴ്ചയിലൊന്ന് എന്ന നിലയിൽ നൂറിലധികം തെയ്യങ്ങളെ ആദ്യ ഘട്ടത്തിൽ മധുമാഷ് പരിചയപ്പെടുത്തുന്നു. വെറും കൗതുകത്തിന് തെയ്യങ്ങളെ കാണുന്നവർ മുതൽ നരവംശ ശാസ്ത്ര ഗവേഷകർക്ക് വരെ അറിയാനും ആസ്വദിക്കാനും കഴിയുംവിധം തെയ്യങ്ങളെ അവതരിപ്പിക്കുകയാണിവിടെ.
നാളെ (ബുധൻ 13-04-2022) മുച്ചിലോട്ടു ഭഗവതി