തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

കടവങ്കോട് മാക്കം
ജന്മിത്വ കാലഘട്ടത്തിലെ സാമൂഹികവ്യവസ്ഥയിലെ ദുരന്തപര്യവസായിയായ ഒരേടാണ് കടവങ്കോട്ട് മാക്കത്തിന്റേത്. നാത്തൂന്മാരുടെ ഗൂഢാലോചനയെത്തുടർന്ന് സ്വന്തം സഹോദരന്മാരാൽ വധിക്കപ്പെട്ട മാക്കവും മക്കളും ദൈവക്കരുവായി മാറി.
കുഞ്ഞിമംഗലത്ത് മാക്കത്തിന്റെ തറവാട് നിന്നിരുന്നെന്നു വിശ്വസിക്കുന്ന സ്ഥലത്ത് എല്ലാ വർഷവും കുംഭം 10, 11 തിയ്യതികളിലും, ദൈവക്കരുവായി മാറിയ മാക്കം ആദ്യം പ്രത്യക്ഷപ്പെട്ടുവെന്ന് തോറ്റംപാട്ടിൽ പറയുന്ന ചാല പുതിയ വീട്ടിൽ കുംഭം 14, 15 തിയ്യതികളിലുമാണ് തെയ്യം. മാക്കം, മകൻ ചാത്തു, മകൾ ചീരു എന്നിവരുടേയും അവരോടൊപ്പം കൊലചെയ്യപ്പെട്ട മാവിലന്റേയും തെയ്യക്കോലങ്ങളാണ് രണ്ടുസ്ഥലത്തും കെട്ടിയാടാറുള്ളത്. ഇതിനു പുറമെ പലയിടങ്ങളിലും നേർച്ചയായും മാക്കവും മക്കളും തെയ്യം നടക്കാറുണ്ട്.

ഐതിഹ്യം
പുരാതന നായർ തറവാടായ കുഞ്ഞിമംഗലം കടാങ്കോട്ടെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. കോലത്തിരി രാജാവിന്റെ പടനായകരായ പന്ത്രണ്ട് ആങ്ങളമാരുടെ ഒരേയൊരു പൊന്നോമന പെങ്ങളായിരുന്നു അവൾ. ഒരുപാട് പ്രാർത്ഥനകളും വഴിപാടുകളും നടത്തി കിട്ടിയ തേജസ്വിനിയായിരുന്ന മാക്കം വളർന്നപ്പോൾ മച്ചുനനായ കുട്ടിനമ്പർ വിവാഹം കഴിച്ചു. അവർക്ക് പിറന്ന ഇരട്ടക്കുട്ടികളായിരുന്നു ചാത്തുവും ചീരുവും. മാക്കത്തിനോടും മക്കളോടും ആങ്ങളമാർ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് നാത്തൂന്മാർക്ക് ഇഷ്ടമായിരുന്നില്ല. അവര്‍ പലപ്പോഴായി മാക്കത്തെ പലതരത്തില്‍ കുറ്റപ്പെടുത്തി പറഞ്ഞുവെങ്കിലും ആങ്ങളമാര്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല.


ഇതിൽ അസൂയപൂണ്ട നാത്തൂന്മാര്‍ മാക്കത്തെ ചതിയിൽപ്പെടുത്താന്‍ തക്കം പാർത്തിരുന്നു. ആയിടക്കാണ് കോലത്തിരിയുടെ ആജ്ഞ പ്രകാരം ആങ്ങളമാർക്ക് പടയ്ക്ക് പോകേണ്ടി വന്നത്. ഈ അവസരം മുതലെടുത്ത് നാത്തൂന്‍മാര്‍ കരുക്കള്‍ നീക്കി. വീട്ടിലേക്ക് എണ്ണ കൊണ്ടുവരാറുളള വാണിയനെയും മാക്കത്തെയും ചേർത്ത് അവര്‍ അപവാദ കഥകള്‍ പറഞ്ഞുണ്ടാക്കി. മാക്കം ഋതുമതിയായിരിക്കുന്ന ഒരു ദിവസം വാണിയൻ എണ്ണയും കൊണ്ടുവരുന്നതു കണ്ട നാത്തൂന്മാർ മനഃപൂർവ്വം മാറിനിന്നു. എണ്ണ വാങ്ങാന്‍ ആരും ചെല്ലാതിരുന്നപ്പോൾ ഋതുമതിയായി മുറിക്കുള്ളില്‍ ഇരിക്കുകയായിരുന്ന മാക്കം വാണിയനോടു എണ്ണ പടിഞ്ഞാറ്റയില്‍ വച്ച് പോയ്ക്കൊളളാന്‍ പറഞ്ഞു. എണ്ണ അകത്തു വെച്ച് വാണിയന്‍ പുറത്ത് ഇറങ്ങിയ സമയത്തു തന്നെയായിരുന്നു പടയ്ക്കു പോയ ആങ്ങളമാർ തിരിച്ചെത്തിയതും.


അങ്ങനെ മാക്കം പിഴച്ചതിനു തെളിവായി നാത്തൂന്മാർ അകത്തു നിന്നിറങ്ങി വരുന്ന വാണിയനെ കാണിച്ചു കൊടുത്തപ്പോൾ ആങ്ങളമാരതു വിശ്വസിച്ചു. ഭാര്യമാരുടെ ദ്വയാർത്ഥത്തോടെയുള്ള സംസാരവും ചിരിയുമെല്ലാം ആങ്ങളമാരുടെ ദേഷ്യം ഇരട്ടിപ്പിച്ചു. ഭാര്യമാരുടെ വാക്കില്‍ എല്ലാം മറന്നുപോയ അവര്‍ മാക്കത്തെ കൊല്ലാന്‍ തീരുമാനിച്ചു. ഇളയ ആങ്ങള കുട്ടിരാമനും ഭാര്യയും മാത്രം അതിനു കൂട്ടുനിന്നില്ല. കോട്ടയം വിളക്കുമാടം കാണാനെന്നും പറഞ്ഞ് മാക്കത്തെയും മക്കളെയും കൂട്ടി പതിനൊന്നാങ്ങളമാർ യാത്രയായി. അവരുടെ ദുരുദ്ദേശ്യം മനസ്സിലായ മാക്കം മക്കളേയും കൂട്ടി ഇറങ്ങുന്നതിനു മുമ്പ് തന്റെ കുടുംബദേവതയായ വീരചാമുണ്ടിയുടെ കൊട്ടിലകത്ത് കയറി വിളക്കുവെച്ച് തന്റെ നിരപരാധിത്വം മാലോകർക്ക് കാട്ടിക്കൊടുക്കേണമേയെന്ന് പ്രാർത്ഥിച്ചു. ആങ്ങളമാരുടെ കൂടെ യാത്രതിരിച്ച മാക്കം പോകുന്ന വഴിയില്‍ മാടായിക്കവിലമ്മയെയും, കളരിവാതില്ക്കല്‍ ഭഗവതിയെയും, കടലായി ശ്രീകൃഷ്ണനെയും തൊഴുതു യാത്ര തുടർന്നു.

 


യാത്രയ്ക്കിടെ മക്കൾക്ക് ദാഹിച്ചപ്പോൾ മാക്കം അവരേയും കൂട്ടി ചാലയില്‍ പുതിയവീട്ടില്‍ കയറി. തേജസ്വിനിയായ മാക്കത്തെയും മക്കളെയും കണ്ട് വിവരങ്ങൾ തിരക്കിയ അവിടുത്തെ അമ്മ അവർക്ക് ദാഹം തീർക്കാന്‍ കിണ്ടിയില്‍ പാല്‍ നല്കി . അവരോടുള്ള നന്ദി സൂചകമായി മാക്കം തന്റെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരി കിണ്ടിയിലിട്ടു കൊടുത്തു. പിന്നീട് അവര്‍ നടന്നു മമ്പറം കടവ് കടന്നു. മമ്പറം അയ്യങ്കരപ്പള്ളിയില്‍ ഒരു പൊട്ടക്കിണറ്റിന്നടുത്ത് എത്തിയപ്പോള്‍ ‘നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ മാക്കേ?’ എന്ന സഹോദരന്മാരുടെ ചോദ്യം കേട്ട് കിണറിലേക്ക് നോക്കിയ മാക്കത്തെയും രണ്ടു മക്കളേയും ആങ്ങളമാർ കഴുത്തറുത്ത് കിണറ്റില്‍ തള്ളി. സംഭവത്തിന് സാക്ഷിയായ ഒരു മാവിലനെയും അവർ കൊന്നു.


വീര ചാമുണ്ഡിയുടെ അനുഗ്രഹത്താൽ ദൈവക്കരുവായി മാറിയ മാക്കം പ്രതികാരദുർഗ്ഗയായി കുഞ്ഞിമംഗലത്തെ തറവാട് കത്തിച്ചു ചാമ്പലാക്കി. വീരചാമുണ്ഡിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്താതെ ബാക്കിയായി. കുട്ടിരാമനും ഭാര്യയും ഒഴികെയുള്ള ആങ്ങളമാർക്കും അവരുടെ ഭാര്യമാർക്കും ദുർമരണം സംഭവിച്ചു. സഹോദരന്മാര്‍ തമ്മില്‍ കലഹിച്ചു പരസ്പരം വെട്ടി മരിച്ചു. നാത്തൂന്മാര്‍ ഭ്രാന്തെടുത്തും മരിച്ചു. അതിനുശേഷം മാക്കം മക്കളുമായി ചാലയില്‍ പുതിയവീട്ടിലെ പടിഞ്ഞാറ്റയില്‍ കുടിയിരുന്നുവത്രെ.
ദൈവക്കരുവായി മാറി തന്റെ ചാരിത്രശുദ്ധി തെളിയിച്ച മാക്കത്തിനേയും മക്കളേയും അവരോടൊപ്പം മരണമടഞ്ഞ മാവിലനേയും താമസിയാതെ ജനങ്ങൾ കോലം കെട്ടി ആരാധിച്ചു തുടങ്ങി.

തെയ്യം
വണ്ണാൻ സമുദായക്കാരാണ് മാക്കത്തേയും മക്കളേയും കെട്ടിയാടുന്നത്. തെയ്യമിറങ്ങുന്നതിനു തലേ ദിവസം സന്ധ്യയോടെ തോറ്റം ആരംഭിക്കും. ഏറ്റവും ദൈർഘ്യമേറിയ തെയ്യത്തോറ്റങ്ങളിലൊന്നാണിത്. ആലാപന മനോഹാരിത കൊണ്ടും നാടകീയമായ ആഖ്യാനഭംഗികൊണ്ടും ഏറെ ഹൃദയസ്പർശിയായ മാക്കത്തിന്റെ തോറ്റം കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കാതിരിക്കില്ല. അരയിലും മുടിയിലും കത്തിച്ച പന്തങ്ങളും വട്ടമുടിയുമാണ് മാക്കത്തിന്റേയും ചീരുവിന്റേയും വേഷം.

Comments

COMMENTS

error: Content is protected !!