തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

തെക്കന്‍ കരിയാത്തന്‍ 
ശൈവാംശ രൂപിയായ ഒരു ദേവതയാണ് കരിയാത്തന്‍. തെക്കന്‍ ചാത്തു, തെക്കന്‍ കരിയാത്തന്‍ എന്നീ പേരുകളിലും ഈ മൂർത്തി അറിയപ്പെടുന്നുണ്ട്. വടക്കൻ ജില്ലകളിലെ കരിയാത്തനും കോഴിക്കോട് ജില്ലയിൽ കെട്ടിയാടിക്കുന്ന കരിയാത്തനും രൂപഭാവങ്ങളിലും ഐതിഹ്യത്തിലും വ്യത്യാസങ്ങൾ കാണാം. വടക്ക് ഈ തെയ്യത്തിന്റെ കൂടെ “കൈക്കോളന്‍” എന്നൊരു തെയ്യവും കൂടി കെട്ടിയാടിക്കാറുണ്ട്.

ഐതിഹ്യം :
കരിയാത്തന്റെ ഐതിഹ്യങ്ങളിൽ പാഠഭേദങ്ങൾ കാണാം. അവയിൽ ഒന്നിങ്ങനെയാണ്. പണ്ട് പാലാര്‍ വീട്ടിലെ പടനായരും പാലക്കുന്നത്ത് കേളേന്ദ്ര നായരും നായാട്ടിനു പോയപ്പോൾ ഇരകളെ ഒന്നും ലഭിച്ചില്ല. ക്ഷീണിച്ചവശരായ ഇവര്‍ വെള്ളം കുടിക്കാനായി അവിടുത്തെ കരിങ്കുലക്കണ്ടത്ത് അക്കമ്മയുടെ വീട്ടിലെത്തുകയും അവര്‍ അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഊണിനു മുമ്പ് കുളിക്കാനായി കരിഞ്ചിലാടന്‍ ചിറയിലെത്തിയ അവര്‍ ചിറയില്‍ അത്ഭുത രൂപത്തിലുള്ള രണ്ടു മീനുകളെ കണ്ടു. പിടിക്കാൻ നോക്കിയപ്പോൾ അവ പിടിക്കൊടുക്കാതെ മാറിക്കളഞ്ഞു .

വീട്ടിലെത്തിയപ്പോള്‍ അവിടുത്തെ കിണറിലും അതേ മീനുകളെ കണ്ടപ്പോൾ അവർ കദളിപ്പഴം വെള്ളിപ്പാളയിലിട്ടു കിണറിലേക്ക് താഴ്ത്തി. അപ്പോള്‍ ആ മീനുകൾ തങ്ങളുടെ രൂപം ചെറുതാക്കി പാളയില്‍ കയറി. അക്കമ്മ കറിവെക്കാനായി അവയെ മുറിക്കാന്‍ തുടങ്ങിയപ്പോൾ അവ തങ്ങളുടെ യഥാർത്ഥ രൂപം കാണിച്ചു കൊടുത്തു. അറിയാതെ ചെയ്ത തെറ്റിന് അവർ മാപ്പ് ചോദിക്കുകയും പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ആ ദിവ്യരൂപികൾ പറഞ്ഞതുപ്രകാരം ഏഴു ദിവസത്തിനുള്ളിൽ മതിലകത്തെ കരിങ്കല്‍ പടിക്കിരുപുറവും രണ്ടു പൊന്മക്കള്‍ പിറക്കുകയും അവർ നിർദ്ദേശിച്ചതനുസരിച്ച് അവരെ വളര്‍ത്തി കളരിവിദ്യ പഠിപ്പിക്കുകയും അവരോളം വണ്ണത്തില്‍ പൊന്‍ രൂപമുണ്ടാക്കി കുഞ്ഞിമംഗലത്ത് കോട്ടയില്‍ നൽകുകയും ചെയ്തു.


ആ പൊന്മക്കളാണ് തെക്കന്‍ കൊമപ്പനും തെക്കന്‍ ചാത്തുവും. വിദ്യകളെല്ലാം അഭ്യസിച്ച് ചേകോനാകേണ്ട സമയമായപ്പോള്‍ അവർ പാണ്ടിപ്പെരുമാളില്‍ നിന്നും ചുരിക വാങ്ങി ആചാരപ്പെടുകയും തെക്കന്‍ ചാത്തു ‘തെക്കന്‍ കരിയാത്തന്‍’ എന്നും തെക്കന്‍ കോമപ്പന്‍ ‘തെക്കന്‍ കരുമകനെന്നും’ ആചാരപ്പേര് സ്വീകരിക്കുകയും ചെയ്തു.


പനമുറിച്ചു വില്ലുകള്‍ ഉണ്ടാക്കിയ ഇരുവരേയും പരാക്രമികളായ പടനായകരായി തോറ്റംപാട്ട് വിശേഷിപ്പിക്കുന്നു. അവരുടെ പിന്നീടുള്ള ജീവിതത്തില്‍ നിരവധി അത്ഭുതങ്ങൾ കാണിച്ചു. അതിലൊന്നായിരുന്നു തങ്ങളെ വഴിയില്‍ വച്ച് പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ചു കളയുകയും അവൻ കരഞ്ഞു മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ കൈ തിരികെ നല്കുകയും ചെയ്തു. ആ കുട്ടി പിന്നീട് ഇവരുടെ സേവകനായി മാറി. കരിയാത്തന്‍ തെയ്യത്തോടോപ്പം പുറപ്പെടുന്ന കൈക്കോളന്‍ തെയ്യം ആ കുട്ടിയുടെ സങ്കല്‍പ്പത്തില്‍ ഉള്ളതാണത്രെ.

നാവു തീയര്‍, വളഞ്ചിയര്‍, വിളക്കിത്തല നായര്‍ എന്നെല്ലാം അറിയപ്പെടുന്ന സമുദായക്കാരുടെ
കുലദൈവങ്ങളില്‍ ഒന്നാണ് തെക്കന്‍ കരിയാത്തന്‍.

കോഴിക്കോട് ജില്ലയിൽ കരിയാത്തൻ ശിവപുത്രനായാണ് കണക്കാക്കപ്പെടുന്നത്. വേടവേഷം ധരിച്ച ശിവന് കുറത്തിയുടെ വേഷം ധരിച്ച പാർവ്വതിയിൽ ഉണ്ടായ പുത്രനാണ് കരിയാത്തൻ എന്നാണ് വിശ്വാസം. നീല നിറവും നീലവസ്ത്രവും കയ്യിൽ കരിമ്പന വില്ലും അമ്പുകളുമായി സഞ്ചരിക്കുന്ന കരിയാത്തൻ ഒരു പടവീരനായി സങ്കൽപ്പിക്കപ്പെടുന്നു. തന്റെ ഭക്തരുടെ മാത്രമല്ല നാൽക്കാലികളുടെയും സംരക്ഷകനാണ് ഈ ദേവൻ.

 


തെയ്യം :
വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടാറുള്ളത്.’അഞ്ചുപുള്ളിട്ടെഴുത്ത് ‘ എന്ന മുഖത്തെഴുത്താണ് തെക്കൻ കരിയാത്തനുള്ളത്. കോഴിക്കോട് ജില്ലയിൽ എല്ലാ സമുദായക്കാരും കെട്ടുമെങ്കിലും മുന്നൂറ്റന്മാരാണ് കരിയാത്തൻ തെയ്യത്തിൽ കൂടുതൽ പ്രശസ്തർ.

 

Comments

COMMENTS

error: Content is protected !!