പ്ലാസ്റ്റിക്കിനോടു വിടപറയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം ഇലയും നാരും

ഒറ്റത്തവണ ഉപയോഗിച്ച് എറിയുന്ന പ്ലാസ്റ്റിക്കിനോടു വിടപറയുകയാണു കേരളം. പ്ലാസ്റ്റിക് വിപത്തിൽ നിന്നു രക്ഷനേടാൻ ലഭിച്ച സുവർണാവസരം. പ്ലാസ്റ്റിക് മനുഷ്യജീവിതത്തിൽ അദ്ഭുതകരമായ മാറ്റങ്ങൾ വരുത്തി. പക്ഷേ, വലിച്ചെറിയൽ സംസ്കാരത്തിന്റെ ഫലമായി  ഇന്നു മനുഷ്യനും മറ്റു ജീവികൾക്കും ഇതു ഭീഷണിയായി.  ജലസ്രോതസ്സുകളും പൊതു ഇടങ്ങളും മലിനപ്പെട്ടു. ഇല, തുണി, മുള, കടലാസ്, മണ്ണ്, ഗ്ലാസ്, ലോഹം, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ തുടങ്ങി പ്രകൃതി സൗഹൃദ ഉൽപന്നങ്ങളെ പുതുവർഷത്തിൽ എങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമാക്കാമെന്ന് ഒരന്വേഷണം.

ഇല മുതൽ വട്ടപ്പശ വരെ; പ്രകൃതിയുടെ ബദലുകൾ

 

വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല. ഇച്ഛാശക്തി വേണമന്നു മാത്രം.   കേരളം ഇന്നു മുതൽ പ്ലാസ്റ്റിക്കിനോടു വിട പറയുമ്പോൾ എന്തു കൊണ്ട് ചെറിയ തോതിലെങ്കിലും നമുക്ക് ഇലയെയും നാരുകളെയും മുളയെയും കുറച്ചെങ്കിലും തിരിച്ചുപിടിച്ചുകൂടാ?  മുമ്പ് ഇല ഇല്ലാതൊരു ജീവിതമില്ലായിരുന്നു. തേക്കില, വട്ടയില, വാഴയില, തുടങ്ങിയവയാണ് ഉപയോഗിച്ചിരുന്നത്. പുരയിടത്തിൽ ധാരാളം വാഴയുള്ള ആളിന് പ്ലാസ്റ്റിക് തെർമോക്കോൾ പാത്രത്തിനു പകരം വാഴയില ഉപയോഗിക്കാം. അല്ലെങ്കിൽ സ്റ്റീൽ പാത്രമോ  സ്റ്റീൽ ഗ്ലാസോ ഉപയോഗിക്കാം.

 

സ്കൂളിലെ ചോളപ്പുട്ടു തിന്നാനും വെന്തൂറ്റിയെടുക്കുന്ന പുഴുക്ക് ചൂടോടെ കുടഞ്ഞിടാനും അന്ന് ഇല മാത്രമായിരുന്നു. പിന്നെ അത് തടികൊണ്ടുള്ള അടപ്പുചട്ടിയുടെ (അടച്ചേറ്റി എന്നും പറയും) നടുവിലെ കുഴിയിൽ ഇട്ട് ഉള്ളിയും കാന്താരിയും ഉപ്പുരസവും കലർത്തി ഉടച്ച് അൽപ്പം വെളിച്ചെണ്ണയും ചേർത്ത് ഉപ്പുനീരാക്കി വിളമ്പാനും ഇല മതിയായിരുന്നു. കേരളത്തിൽ വാഴയില പോലെയാണ് ഉത്തരേന്ത്യയിലെ ബീഡിയില കൊണ്ടുള്ള തളിക; നമ്മുടെ പാളപ്പാത്രം പോലെ. വാട്ടിയ ഇലയിൽ പൊതിഞ്ഞ പാഥേയത്തിന്റെ (പൊതിച്ചോർ) രുചി ഇന്നും മാഞ്ഞുപോയിട്ടില്ല.

 

വിശുദ്ധ വസ്തുക്കളും കട്ടിപ്പായസവും വാഴയിലയിൽ പൊതിഞ്ഞായിരുന്നു കൈമാറിയിരുന്നത്. ക്ഷേത്രങ്ങളിലെ പ്രസാദവിതരണം ഇന്നും ഇലച്ചീന്തുകളിലാണ്. ഇഡ്ഡലിത്തട്ടിൽ പൂവരശിന്റെ ഇലയിലേക്കായിരുന്നു മാവ് ഒഴിച്ചിരുന്നത്. മുരിക്കിന്റെ ഇലയും ഇഡ്ഡലിക്ക് കിടക്കയൊരുക്കി. വഴനയിലയിൽ പൊതിഞ്ഞ കുമ്പിളപ്പവും  ഇലയടയും പഫ്സിനിടയിൽ ഞെരുങ്ങിയാണെങ്കിലും ബേക്കറികളിലെ അലമാരകൾ  വിട്ടുപോയിട്ടില്ല.

 

പാളകൊണ്ട് പാത്രം മാത്രമല്ല, പടയണിക്കോലങ്ങളും  പാളത്തൊട്ടികളും മലയാളി കോർത്തെടുത്തു. ചേമ്പില തോരൻ മാത്രമല്ല, കുടയുമായിരുന്നു. വാഴനാര്  നല്ല കയറായിരുന്നു. കാവുകളിൽ നിന്നു വെട്ടിയ വള്ളികളിലായിരുന്നു പണ്ട് ഊഞ്ഞാലാടിയിരുന്നത്. ബ്രഷുകൾക്കും സോപ്പിനും മുമ്പ് പീച്ചിങ്ങയും ചകിരിയും ഇഞ്ചയുമുരച്ച്  ദേഹസൗന്ദര്യം കാത്തു.

 

മാവിലകൊണ്ട് പല്ലുതേച്ചു, ഈർക്കിൽ കൊണ്ടു നാവു വൃത്തിയാക്കി,  മഞ്ചാടിക്കുരുവിൽ എണ്ണം പഠിച്ചു, പനയോല, തഴപ്പായ, മെട‍ഞ്ഞ ഓല എന്നിവകൊണ്ട് വല്ലം (കുട്ട) നെയ്തു. കാട്ടുവള്ളിപ്പൂക്കളും വാഴപ്പിണ്ടിയും കൊണ്ട് തോരണമുണ്ടാക്കി.  മരോട്ടി തോടുകൊണ്ട് വിളക്കൊരുക്കി, ചുരയ്ക്ക കൊണ്ടുള്ള കമണ്ഡലുവിൽ (ജലപാത്രം) നിന്നു ഭിക്ഷാംദേഹികൾ ദാഹമകറ്റി. ഫെവിക്കോളിന് മുമ്പു വട്ടപ്പശയും ചോറുമായിരുന്നു കത്തുകളെ ഒട്ടിച്ചു നിർത്തിയിരുന്നത്. ഗഞ്ചിറയുടെ തോൽ ഒട്ടിക്കാൻ  ഉപയോഗിച്ചിരുന്ന പനച്ചിക്കായ ഇന്നു കാണാൻ പോലുമില്ല.

 

നാളെ മുതൽ എല്ലാവരും വട്ടപ്പശയിലേക്കും വാഴയിലയിലേക്കും മടങ്ങണമെന്നല്ല അർഥം. ചെറിയ തോതിൽ മാറ്റം തുടങ്ങിവയ്ക്കാം. മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് നിത്യോപയോഗ സാധനങ്ങൾ കഴിവതും ഒഴിവാക്കുന്ന ജീവിത ശൈലിയിലേക്കു മടങ്ങുക, മറ്റുള്ളവർക്ക് മാതൃകയാകുക.  ഓലപ്പീപ്പിയും ഓലപ്പന്തും  തടികൊണ്ടുള്ള കളിപ്പാട്ടങ്ങളുമൊക്കെ ചെറു പ്രായത്തിലേ പരിചയപ്പെടുത്താം. കളിവീടുകളും കഞ്ഞിയും കറിയും മണ്ണുമര്യാദകൾ പഠിച്ചുള്ള ജീവിതവും  തിരിച്ചുപിടിക്കാം.
Comments

COMMENTS

error: Content is protected !!