തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
ഭൈരവൻ
ശൈവാവതാരമായ ഭൈരവൻ മുപ്പത്തൈവരിൽപ്പെട്ട മന്ത്രമൂർത്തികളിൽ ഒരാളാണ്. അഗ്നി ഭൈരവൻ, ആദി ഭൈരവൻ, കാലഭൈരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയ ഭൈരവൻ എന്നിങ്ങനെ ആറുരൂപങ്ങളിൽ (അഷ്ടഭൈരവന്മാർ) ഭൈരവൻ ആരാധിക്കപ്പെടുന്നുണ്ട്. ഭൈരവനുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ ഐതിഹ്യങ്ങൾ നിലവിലുണ്ട്.
ഐതിഹ്യം
പരമശിവന്റെ വിരാട് രൂപം കണ്ടുവെന്ന് ബ്രഹ്മാവ് കള്ളം പറഞ്ഞപ്പോൾ കോപാകുലനായ ശിവൻ ബ്രഹ്മാവിന്റെ ഒരു തലയറുത്തു. പന്ത്രണ്ടായിരം കൊല്ലം കൈയ്യിൽ കപാലവുമേന്തി ഭൂമിയിൽ ഭിക്ഷാടനം ചെയ്യട്ടെയെന്ന് ബ്രഹ്മാവ് ശിവനെ ശപിച്ചു. ശിവന്റെ ഈ രൂപമാണ് ഭൈരവന്‍ എന്നാണ് ഒരു ഐതിഹ്യം.
ചെറുതുണ്ടാൻ മഠത്തിലെ ചെറുതുണ്ടാത്തിക്ക് സന്താനഭാഗ്യം ഉണ്ടായിരുന്നില്ല. നിരവധി പ്രാർത്ഥനകൾ കൊണ്ടും ഫലമുണ്ടാകാതിരുന്നപ്പോൾ അവർ 41 ദിവസം പരമശിവനെ ധ്യാനിച്ച് തപസ്സിരുന്നു.
നാല്പത്തിയൊന്നാം ദിവസം ദേവൻ പ്രത്യക്ഷപ്പെട്ട് ഏഴു വയസ്സുള്ള അഴകും ഓജസ്സുമുള്ള പുത്രനെയാണോ അതോ അഴകും ഓജസ്സും കുറഞ്ഞ ആയിരം വയസ്സുള്ള പുത്രനെയാണോ വേണ്ടതെന്നു ചോദിച്ചു. അഴകും ഓജസ്സുമുള്ള ഏഴു വയസുള്ള പുത്രനെ മതിയെന്ന് ആവശ്യപ്പെട്ട തുണ്ടാത്തിക്ക് ദേവൻ വരം നല്കി.
ചീരാളന് എഴുവയസായപ്പോൾ, ആയിരം യോഗിമാർക്ക് അന്നമൂട്ടണമെന്ന നേർച്ചയോർത്ത അവന്റെ
മാതാപിതാക്കൾ യോഗിമാരെ ക്ഷണിക്കുന്നതിനായി അവരുടെ മഠത്തിലേക്കു ചെന്നു.
ചീരാളനെ കൊന്ന് രക്തവും മാംസവും കൊണ്ട് വിഭവങ്ങളുണ്ടാക്കി തന്നാൽ തങ്ങൾ വരാമെന്നു യോഗിമാർ അറിയിച്ചു. വേദനയോടെ ആണെങ്കിലും സത്യം പാലിക്കുവാൻ ചീരാളന്റെ അച്ഛൻ അതു സമ്മതിക്കുകയും മകനെ പള്ളിക്കൂടത്തിൽ നിന്നു കൊണ്ടുവരുകയും ചെയ്തു.
വീട്ടിലെത്തിയ അവനെ അമ്മ മടിയിൽക്കിടത്തി ഉറക്കിയപ്പോൾ അച്ഛൻ അവനെ കൊന്നു വിഭവങ്ങളുണ്ടാക്കി യോഗിമാർ വന്നപ്പോൾ വിളമ്പി. അവരുടെ നിർദ്ദേശമനുസരിച്ച് ഒരില വച്ച് ചീരാളനും ഭക്ഷണം വിളമ്പി. അമ്മ അവന്റെ പേരു വിളിച്ചു. ഇലയിലെ കറിക്കഷ്ണങ്ങൾ തുള്ളുവാൻ തുടങ്ങിയപ്പോൾ യോഗിമാർ ഹോമം ആരംഭിക്കുകയും ഹോമകുണ്ഡത്തിൽ നിന്ന് അഷ്ടഭൈരവന്മാർ ഉണ്ടാവുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
തെയ്യം :
ഭൈരവൻ തെയ്യം കെട്ടുന്നത് മലയസമുദായക്കാരാണ്. മെയ്യിൽ അരിച്ചാന്താണിഞ്ഞ് പൊയ്ക്കണ്ണുമായി ഇറങ്ങുന്ന ഭൈരവന്റെ മുടിക്ക് ഓങ്കാരമുടിയെന്നാണ് പേര്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ഭൈരവൻ തെയ്യവും കോഴിക്കോട് ജില്ലയിലെ തെയ്യവും രൂപഭാവങ്ങളിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം.യോഗിസമുദായത്തിന്റെ പ്രധാന ആരാധനാമൂർത്തിയാണ് ഭൈരവൻ.