തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം
കണ്ടാകർണ്ണൻ
രോഗദേവതകളിൽ ഒന്നാണ് കണ്ടാകർണ്ണൻ. ചീർമ്പയും വസൂരിമാലയും രോഗകാരിണികളാണെങ്കിൽ കണ്ടാകർണ്ണൻ രോഗനിവാരകനാണ്. ചീർമ്പ നാലുപേരിൽ (മൂത്തവർ, ഇളയവർ, ദണ്ഡൻ, കണ്ടാകർണ്ണൻ) ഒരാളായ ഈ മന്ത്രമൂർത്തി 16 തീപ്പന്തങ്ങളും ഉയരത്തിലുള്ള മുടിയുമായി സാഹസികമായി കെട്ടിയാടുന്ന തെയ്യമാണ്.
ഐതിഹ്യം
കണ്ടാകർണ്ണന്റെ ഐതിഹ്യം വസൂരിമാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദാരികാസുരനെ വധിച്ച ഭദ്രകാളിയോട് പ്രതികാരം ചെയ്യാൻ അനുഗ്രഹത്തിനായി ദാരികപത്നി മനോദരി ശിവനെ തപസ്സു ചെയ്തു. പാർവ്വതിയുടെ നിർബന്ധപ്രകാരം മനോദരിക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ട ശിവൻ തന്റെ വിയർപ്പു തുള്ളികൾ നല്കി ഇത് ജനങ്ങളുടെ മേൽ തളിച്ചാൽ അവർ ആവശ്യമുള്ളത് തരുമെന്ന് അനുഗ്രഹിച്ചു. ആ സമയത്താണ് ദാരികവധം കഴിഞ്ഞ് ദാരികന്റെ ശിരസ്സുമായി ഭദ്രകാളി വന്നത്. അപ്പോൾ ശിവൻ നല്കിയ വിയർപ്പു തുള്ളികൾ മനോദരി ഭദ്രകാളിയുടെ ശരീരത്തിൽ തളിച്ചു. അതോടെ ശരീരമാകെ വസൂരി പൊങ്ങി ദേവി അവശയായി. വിവരമറിഞ്ഞ് കോപാകുലനായ ശിവൻ ഭദ്രകാളിയുടെ രോഗം ഇല്ലാതാക്കാനായി ഉഗ്രരൂപിയായ കണ്ടാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ നിന്നു ജന്മമെടുത്ത് കർണ്ണത്തിലൂടെ പുറത്തുവന്നതു കൊണ്ടാണത്രെ ഈ ദേവതയ്ക്ക് കണ്ടാകർണ്ണൻ എന്ന പേരു ലഭിച്ചത്. ശിവന്റെ നിയോഗപ്രകാരം കണ്ടാകർണ്ണൻ ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലാതാക്കി. എന്നാൽ ഭദ്രകാളിയുടെ മുഖത്തെ വസൂരികുരുക്കൾ നക്കി മാറ്റാൻ കണ്ടാകർണ്ണൻ ശ്രമിച്ചപ്പോൾ സഹോദരി സഹോദരന്മാർ ആയതിനാൽ
ഭദ്രകാളി വിലക്കി. അവ ദേവിയുടെ മുഖത്തെ അലങ്കാരമായി മാറി.
തുടർന്ന് ഭദ്രകാളി കണ്ടാകർണ്ണനെ അയച്ച് മനോദരിയെ പിടിച്ചു കൊണ്ടുവന്ന് കണ്ണുകൾ കുത്തിപ്പൊട്ടിച്ച് വസൂരിമാല എന്ന പേരു നല്കി തന്റെ ആജ്ഞാനുവർത്തിയാക്കി മാറ്റി. ഉഗ്രസ്വരൂപനും ബലവാനുമായ തന്റെ പുത്രൻ, കണ്ടാകർണ്ണനെ, ജനസംരക്ഷണത്തിനായി ശിവൻ ഭൂമിയിലേക്കയച്ചു.
തെയ്യം
മലയസമുദായക്കാരാണ് കണ്ടാകർണ്ണൻ തെയ്യം കെട്ടുന്നത്. അരയിൽ ഒലിയുടയിൽ ഉറപ്പിച്ച 16 തീപ്പന്തങ്ങൾ, പൊയ്ക്കണ്ണ്, ഉയരത്തിലുള്ള കുരുത്തോല മുടി എന്നിവയാണ് ഈ തെയ്യത്തിന്റെ വേഷവിധാനങ്ങൾ.