തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

തോട്ടിൻകര ഭഗവതി
ജന്മി നാടുവാഴി വ്യവസ്ഥയിൽ പീഡനങ്ങൾക്ക് വിധേയയായി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഒരു പാവം സ്ത്രീയുടെ കഥയാണ് തോട്ടിൻകര ഭഗവതിയുടേത്. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഭാഗങ്ങളിൽ കൂടുതലായി ആരാധിക്കപ്പെടുന്ന തെയ്യക്കോലമാണ് തോട്ടിൻകര ഭഗവതി. തെയ്യാരാധനയിലെ അമ്മദൈവങ്ങളിൽ മുച്ചിലോട്ടു ഭഗവതിയെപ്പോലെ ഏറെ വ്യത്യസ്തവും സവിശേഷതകൾ ഉള്ളതുമായ തെയ്യമാണിത്. അരയിലും മുടിയിലും തീപ്പന്തവുമായി ഉറഞ്ഞാടുന്ന ഉഗ്രസ്വരൂപിണിയാണ് ‘തോട്ടിൻകര പോതി’. പ്രതികാരവും ദുഃഖവും സഹനവും കരുണയും സമന്വയിക്കുന്ന, ആരുടേയും കരളലിയിക്കുന്ന ഒരു പുരാവൃത്തമാണ് ഈ ദേവിയുടേത്.

ഐതിഹ്യം

പാപ്പിനിശ്ശേരിക്കടുത്തുള്ള ഒരു നായർ തറവാട്ടിൽ സർവ്വകലാവല്ലഭയും വിദുഷിയുമായ ഒരു യുവതി ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പതിന്നാലു തവണ പ്രസവിച്ചിട്ടും പതിനാലു കുഞ്ഞുങ്ങളും വസൂരി ബാധിച്ചു മരിച്ചു. മനസ്സെരിയുന്ന ദുഃഖത്തിന്റെ കൊടുമുടിയിലായിരുന്നിട്ടും അതൊന്നും പുറത്തു കാണിക്കാതെ അവർ ജപത്തിലും പുരാണപാരായണത്തിലും ആശ്വാസം കണ്ടെത്തി കാലം കഴിച്ചു. മക്കൾ മരിച്ച് ദുഃഖിച്ചിരിക്കേണ്ട ഒരു സ്ത്രീ ആളുകൾ കേൾക്കെ രാമായണം വായിക്കുന്നത് അഹങ്കാരമാണെന്ന് ചില ഉപജാപകർ കോലത്തിരിയെ ധരിപ്പിച്ചു. ഇത്രയും തന്റേടം ഒരു സ്ത്രീക്കു പാടില്ലെന്നുറപ്പിച്ച രാജാവ് അവരെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മക്കൾ മരിച്ചതിൽ ദുഃഖമില്ലേ എന്ന രാജാവിന്റെ ചോദ്യത്തിന് ദുഃഖം മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാനുള്ളതല്ല, ഉള്ളിലടക്കിയ സങ്കടം മറക്കാനാണ് താൻ രാമായണ പാരായണം നടത്തുന്നതെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. ഈ മറുപടി ധാർഷ്ഠ്യമായി കരുതിയ രാജാവ് ഉള്ളിൽ സങ്കടമുണ്ടെന്നതിന് എന്താണ് തെളിവെന്ന് വീണ്ടും ചോദിച്ചപ്പോൾ, പെറ്റമ്മയുടെ മനസ്സിന്റെ സങ്കടം പരിശോധിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ അതുകാണിക്കുവാൻ ഒരു പച്ചക്കലവും (തീയിൽ ചുട്ടെടുക്കാത്ത കലം) കുറച്ച് നെല്ലും കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു. എന്നിട്ട് കണ്ണടച്ചു കൊണ്ട് ആ നെല്ലിട്ട കലം തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. രാജാവിനേയും പരിവാരങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അല്പസമയത്തിനകം ആ കലത്തിലെ നെല്ലെല്ലാം മലരായി മാറി.


പച്ചക്കലം ചുട്ടുപൊളളിയിട്ടും ഒന്നും സംഭവിക്കാതിരുന്നത്രയും കഠിനഹൃദയായ ഇവൾ ജീവിച്ചിരിക്കുന്നത് തനിക്കും നാടിനുമാപത്താണെന്നു കരുതിയ രാജാവ് അവളെ ഇല്ലാതാക്കാൻ തീരുമാനിച്ചു. ഒറ്റമുണ്ടുടുപ്പിച്ച് അരയിൽ കത്തിച്ച പന്തവും തലയിൽ നെരിപ്പോടും കെട്ടിവച്ച് അവരെ വളപട്ടണം പുഴയിൽ വള്ളിച്ചങ്ങാടത്തിൽ കയറ്റി ഒഴുക്കി. ശരീരത്തിൽ ആളിപ്പടർന്ന തീയുമായി പാപ്പിനിശ്ശേരിയിലെ ‘കാക്കരത്തോടിൽ’ എത്തിയ അവർ തോട്ടിലിറങ്ങി തീയണച്ച്‌ കോലത്തു വയലിലൂടെ നടന്നപ്പോൾ അല്പമകലെയായി ഒരു വെളിച്ചം കണ്ട് അവിടെ കയറിച്ചെന്നു . മുല്ലപ്പള്ളിയെന്ന തറവാടായിരുന്നു അത്. അവിടുത്തെ വീട്ടമ്മ ശരീരമാകെ തീപ്പൊള്ളലേറ്റു വന്ന സ്ത്രീ ആവശ്യപ്പെട്ടതു പ്രകാരം ഉടുക്കാൻ വസ്ത്രവും കുടിക്കാൻ വെള്ളവും കൊടുത്തു. ദൈവക്കരുവായി മാറിയ അവർ ആ വീട്ടമ്മയിൽ സംപ്രീതയായി ആ തറവാട്ടിലെ പടിഞ്ഞാറ്റയിൽ കുടികൊണ്ടു.

ഇതിനെത്തുടർന്ന് കോലത്തിരിക്ക് നിരവധി ദുർനിമിത്തങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. ഭയന്ന രാജാവ് പ്രശ്നചിന്ത നടത്തിയപ്പോൾ തീയിൽ വെന്തുമരിച്ച് ദൈവക്കരുവായി മാറിയ സാധ്വിയുടെ ശാപമാണ് രാജകുടുംബത്തെ ബാധിച്ചിരിക്കുന്നതെന്നും പരിഹാരമായി ആ അമ്മയുടെ കോലം കെട്ടിയാടിക്കണമെന്നും വിധിയുണ്ടായി. ആരൂഢസ്ഥാനത്തിനു പുറമെ എരുവേരി, പാപ്പിനിശ്ശേരി, വടേശ്വരം, ഇടക്കേപ്പുറം തുടങ്ങി നിരവധി കാവുകളിലും തറവാടുകളിലും തോട്ടിൻകര ഭഗവതി ആരാധിക്കപ്പെട്ടുവരുന്നു.

തെയ്യം

വണ്ണാൻ സമുദായക്കാരാണ് തോട്ടിൻ കര ഭഗവതി തെയ്യം കെട്ടുന്നത്. ഈ ഭഗവതിയുടെ തോറ്റവും തെയ്യവും സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിൽ കഴിക്കണമെന്നാണു വിധി. കുരുത്തോല കൊണ്ടുള്ള ഉടയിൽ നാലു കെട്ടുപന്തങ്ങളും കൊണ്ടൽമുടി എന്നറിയപ്പെടുന്ന
മുടിയിൽ മൂന്നു പന്തങ്ങളുമുണ്ടാകും. ഈ രൗദ്രരൂപിണിയുടെ അതിചടുലമായ നൃത്തച്ചുവടുകളും രൂക്ഷമായ നോട്ടവും പരിഹാസച്ചുവയുളള ഉച്ചത്തിലുളള ചിരിയുമെല്ലാം കാണുന്നവരിൽ ഭീതിയുണർത്തും.
“നാഗം താഴ്ത്തിയെഴുത്താണ് ” മുഖത്തെഴുത്ത്.

Comments

COMMENTS

error: Content is protected !!