നഗരത്തിൽ വഴിനടക്കാനുള്ള അവകാശങ്ങൾ പോലുമില്ലാത്ത പന്തലായിനി ദേശവാസികളെക്കുറിച്ച്, അവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച്

ഒരു കുരുന്ന് ജീവൻ കൂടി റെയിൽ പാളത്തിൽ കുരുതിയായി. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലുമൊക്കെ വാർത്ത വന്നു. ശക്തമായി പെയ്തിറങ്ങിയ മഴ ഒരുപക്ഷേ റെയിൽ പാളങ്ങളിലെ ചോരക്കറയെ കഴുകിക്കളഞ്ഞിട്ടുണ്ടാവും. കഴിഞ്ഞ ദിവസം ആ അമ്മയെ ഒന്നു കാണാൻ വലകെട്ടിലെ വീടു വരെ പോയി. ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചോർന്നിറങ്ങാത്ത ഒരു ദിവസമെങ്കിലും ഈ ആയുഷ്കാലത്ത് ഇനിയുണ്ടാകുമോ?

നമ്മുടെ അധികാരികൾ, ജനപ്രതിനിധികൾ തിരക്കിലാണ്. അവർക്കൊരു പാട് ജോലികളുണ്ടല്ലോ. കാറ്റും ശീതവുമൊക്കെയായി മഴ നിലക്കാതെ പെയ്യുന്നതു കൊണ്ടാവാം,  ജനത ഉറക്കത്തിലുമാണ്. എല്ലാ പഴയത് പോലെയായി. ആനന്ദിന്റെ ഓർമ്മകൾ ഒരു ദിവസമെങ്കിലും കൂടെ കൊണ്ടുനടക്കാൻ കഴിയാത്ത ഒരു ജനത അർഹിക്കുന്നതെന്താണ്? ആരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് നാം വാതോരാതെ സംസാരിക്കുന്നത്?

ആനന്ദിന്റെ കൊലയുടെ പശ്ചാത്തലത്തിൽ പന്തലായനി ദേശവാസികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കുകയാണ് എഴുത്തുകാരനും പ്രസാധകനുമൊക്കെയായ മണിശങ്കർ. അദ്ദേഹത്തിന്റെ ഒരു ഫേയ്സ്ബുക്ക് കുറിപ്പ് ഞങ്ങളിവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. ഓർമ്മകളുടെ കണ്ണടഞ്ഞ് പോകരുത് എന്നത് കൊണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ ചുവടെ:-

പന്തലായിനി യു പി സ്കൂൾ വിദ്യാർത്ഥി ആനന്ദ് ആണ് പുതിയ ഇര. പന്തലായിനിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നത്തിൻ്റെ അവസാനത്തെ ഇരയാവും ആനന്ദ് എന്ന പിഞ്ച് കുഞ്ഞ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ?

പന്തലായിനി ദേശത്തിനകത്തും ഓരം പറ്റിയും ജീവിക്കുന്ന 4000 കുടുംബങ്ങളുണ്ട്. അവർക്ക് കൊയിലാണ്ടിയിൽ നിന്ന് നടന്ന് വരണമെങ്കിൽ…. ദേശീയ പാതയിൽ നിന്ന് നേരായ ഒരു വഴിപോലുമില്ല.

റെയിൽ പാളം ദേശത്തിനും ദേശീയപാതയ്ക്കും ഇടയിലൂടെ കടന്ന് പോകുന്നതിനാൽ, റെയിൽപാളത്തിന് അപ്പുറത്ത് നിന്ന് ഇപ്പുറത്തെത്താൻ പാളത്തിന് മുകളിലൂടെ നടക്കുക, പാളം മുറിച്ച് കടക്കുക, പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കുക തുടങ്ങിയ നിയമവിരുദ്ധമായ മാർഗം സ്വീകരിക്കേണ്ടി വരുന്ന ജനങ്ങളാണ് പന്തലായനിക്കാർ. വണ്ടികൾക്ക് പോകാൻ റോഡ് ഉണ്ടെല്ലോ എന്നൊന്നും വീമ്പ് പറഞ്ഞിട്ട് കാര്യമില്ല, റെയിവേ കാരണം വിഭജിക്കപ്പെട്ട ജനതയ്ക്ക് അപ്പുറത്തും ഇപ്പുറത്തും സുരക്ഷിതമായി സഞ്ചരിക്കാൻ മേൽപ്പാലമോ അടിപ്പാതയോ വേണം; അത് ഞങ്ങളുടെ അവകാശമാണ്, ഔദാര്യമല്ലെന്ന് ചിന്തിക്കാൻ എന്തെ എൻ്റെ നാട്ടുകാർക്ക് ഒറ്റകെട്ടായി പറ്റാത്തത് എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. അവകാശം നിഷേധിക്കപ്പെടുമ്പോൾ അത് മനുഷ്യകാവകാശ ധ്വംസനമാണെന്ന് നമ്മൾ എന്നു മുതലാണ് ചിന്തിച്ച് തുടങ്ങുക. അങ്ങനെ ചിന്തിക്കാത്ത പക്ഷം…. നമ്മൾ നമ്മളെ തന്നെ വഞ്ചിച്ച് നമ്മുടെ നിസംഗത തുടരുന്ന കാലത്തോളം ഇനിയും റെയിൽ പാളത്തിൽ മനുഷ്യ രക്തം പുരളാം…

മുമ്പ് ഒരു അടിപ്പാത പ്ലാറ്റ്ഫോം തുടങ്ങുന്നതിനടുത്തായി… നാലുപുരയ്ക്കൽ പറമ്പിൻ്റെ തെക്കേപടിഞ്ഞാറ് മൂലയോട് ചേർന്ന് ഉണ്ടായിരുന്നു; അത് റോഡ് ഉണ്ടാക്കാൻ അപ്പുറക്കാരും ഇപ്പുറക്കാരും മത്സരിച്ചപ്പോൾ അപ്രത്യക്ഷമായി! ഇന്ന് ഈ ഭാഗം കണ്ടാൽ ഇവിടെയൊരു അടിപ്പാതയുണ്ടായിരുന്നൂ എന്ന കാര്യം ആരും സമ്മതിച്ചു തരണമെന്നില്ല.

മുമ്പ് ആവർത്തിച്ച് മരണമുണ്ടായപ്പോൾ ആളുകളുടെ കണ്ണിൽപൊടിയിടാൻ റെയിൽവേ അധികൃതർ കൊയിലാണ്ടിയിലെ മേൽപ്പാലത്തോട് ചേർന്ന് ആർക്കോ വേണ്ടി കുറെ പടവുകൾ പണിതിട്ടുണ്ട്. ഇന്നത് സമൂഹ്യ വിരുദ്ധർക്ക് പ്രയോജനപ്പെടുന്നൂ എന്നല്ലാതെ ഇതുകൊണ്ട് മറ്റൊരു ഗുണവും നാടിനില്ല. ഇങ്ങനെ നാവടപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകളല്ല, പാളത്തിലൂടെ സഞ്ചരിക്കാതെ… ഞങ്ങൾക്ക് പാളം മുറിച്ചുകടക്കാനുള്ള ശരിയായ കാൽനട പാത വേണം; അത് മേൽപ്പാലമായാലും അടിപ്പാതയായാലും വേണമെന്നാണ് നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത്. അത് നിഷേധിക്കുമ്പോൾ നാടിൻ്റെ മനുഷ്യാവകാശ പ്രശ്നമായി കണ്ട് കോടതി കയറാനും നമ്മൾ മടിക്കരുത്.

Comments

COMMENTS

error: Content is protected !!