തെരുവ്നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി
പേവിഷ പ്രതിരോധം ,തെരുവുനായ നിയന്ത്രണം എന്നിവയിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ കർമ്മപദ്ധതിയിലേക്ക് സർക്കാർ പോവുന്നത് തെരുവുനായ്ക്കളുടെ കൃത്യമായ കണക്കില്ലാതെ . 3 ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്സിൻ എത്തിച്ച ശേഷം വാക്സിനേഷനിലേക്ക് പോകാനാണ് സർക്കാർ തീരുമാനം.
40 മുതൽ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്സിനേഷൻ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്സിൻ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളർത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാൽ തെരുവുനായ്ക്കളുടെ യഥാർഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദർ ഒന്നടങ്കം പറയുന്നു.
കഴിഞ്ഞ വർഷം ആളുകളെ നായ കടിച്ച എണ്ണം മാത്രം 234000 ആണ്. ഈ വർഷം ജൂൺ വരെ ഉള്ള കണക്കിൽ മാത്രം നായ കടിയേറ്റ കേസുകൾ 1,84,000 ആയി. ഏതായാലും സുരക്ഷ ഉറപ്പാക്കാൻ എത്രയും വേഗം നായ്ക്കളിലെ വാക്സിനേഷൻ തന്നെ പ്രധാന ആയുധമെന്ന് വിദ്ഗദർ ചൂണ്ടിക്കാട്ടുന്നു.പൂച്ച കടിച്ചുള്ള കേസുകളും കൂടുകയാണ്. ഈ വർഷം ഇതുവരെ പൂച്ച കടിച്ചത് 2,40000 പേരെ. മറ്റു ജീവികളിൽ റാബിസ് സാന്നിധ്യം വർധിക്കുമ്പോൾ വാക്സിനേഷൻ നായ്ക്കളിൽ മാത്രം ഒതുങ്ങിനിന്നാൽ മതിയാകുമോ എന്ന പ്രധാന ചോദ്യവും സർക്കാരിന് മുന്നിലുണ്ട്. 6 ലക്ഷം ഡോസ് വാക്സിൻ ഇതിനോടകം വാങ്ങി. നാല് ലക്ഷം കൂടി ഉടനെയെത്തും. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ 170 ഹോട്ട്സ്പോട്ടുകൾ നിശ്ചയിച്ച് ഇവിടം ആദ്യം ഊന്നൽ നൽകിയായാരിക്കും സർക്കാരിന്റെ പേവിഷ പ്രതിരോധവും, തെരുവുനായ നിയന്ത്രണവും മുന്നോട്ടു പോവുക.