തൊഴില്‍ സമയം  മാറ്റം

വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുണ്ട്. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരം വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം  ഇന്ന് (ഫെബ്രുവരി 13)  മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ പി.പി.സന്തോഷ്‌കുമാര്‍ അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12  മണി മുതല്‍ മൂന്ന് മണി വരെ വിശ്രമ വേളയായിരിക്കും.  ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണിവരെയുള്ള സമയത്തിനകം എട്ടുമണിക്കൂറായി നിജപ്പെടുത്തിയതായും  രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിയ്ക്ക് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ചതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയില്‍ ഏല്‍ക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി നല്‍കണം.  നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ സ്‌ക്വാഡ് രൂപീകരിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജോലി പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ : 0495 – 2370538.
Comments

COMMENTS

error: Content is protected !!