തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന സർക്കാർ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്ത് തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായരുന്നു അദ്ദേഹം.

തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റേത് ബദൽ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷത വഹിച്ചു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ തൊഴില്‍ സഭയില്‍ കെ.ഡിസ്കിന്‍റെ നേതൃത്വത്തില്‍ നടന്ന കൗണ്‍സിലിംഗില്‍ 29 തൊഴില്‍ അന്വേഷകര്‍ ആദ്യഘട്ട തൊഴില്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഒമ്പത് തൊഴില്‍ദായകരാണ് കൗണ്‍സിലിംഗിനായി എത്തിയത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ്‌ തൊഴിൽ സാധ്യതകളെയും സംരംഭങ്ങളെയും കുറിച്ച്‌ തൊഴിൽ സഭാ അംഗങ്ങൾ ചർച്ച ചെയ്തു. ഒരേ അഭിരുചിയുള്ളവർ ചേർന്ന് തൊഴിൽ ക്ലബ്ബുകളും രൂപീകരിച്ചു.

ഡോ. വി.ശിവദാസൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തദ്ദേശസ്വയംഭരണ വകുപ്പ്അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽസെക്രട്ടറി കെ.സുരേഷ്, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻ കേരള ചെയർമാൻ എം.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!