നഗരസഭ തെങ്ങു കർഷകർക്ക് വളം വിതരണം ചെയ്യുന്നതിനു പിന്നിലെ വൻ തട്ടിപ്പ്: അന്വേഷണം നടത്താൻ തയ്യാറാവാതെ ചെയർപേഴ്സൺ ഒളിച്ചോടുന്നതായി യു ഡി എഫ്

കൊയിലാണ്ടി: നഗരസഭയിലെ തെങ്ങു കർഷകർക്ക് സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്ന പദ്ധതിക്ക് പിന്നിൽ വലിയ തട്ടിപ്പ് നടക്കുന്നതായി കലിക്കറ്റ് പോസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യു ഡി എഫ് കൗൺസിലർമാർ വിഷയം നഗരസഭാ കൗൺസിലിൽ ഉന്നയിച്ചു.
ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി അറിയണമെന്ന് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ചോദിച്ചതിനു വ്യക്തമായ മറുപടി നൽകാതെ ചെയർപേഴ്സൺ ഒളിച്ചോടിയെന്നും പ്രശ്നം ചർച്ച ചെയ്യാൻ അനുവദിച്ചില്ലെന്നും യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു.


വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് വിഷയം ചർച്ചയ്ക്ക് വന്നത്. ഗുണനിലവാരമില്ലാത്ത വളമാണ് കർഷകർക്ക് നഗരസഭ വിതരണം ചെയ്തതെന്നും, അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു ഡി എഫ് കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ കൗൺസിൽ യോഗം ബഹളമയമായി.


തെങ്ങൊന്നിന് 135 രൂപയുടെ ജൈവവളമാണ് നൽകേണ്ടത്. ഇതിൽ 100 രൂപ സബ്സിഡിയും 35 രൂപ ഗുണഭോക്തൃവിഹിതവുമാണ്. യഥാർത്ഥത്തിൽ കർഷകർ നൽകുന്ന 35 രൂപയുടെ മൂല്യം വരുന്ന വളം പോലും കർഷകർക്ക് ലഭിക്കുന്നില്ല എന്നാണ് കർഷകരുടെ ആക്ഷേപം. ഇത് തെറ്റാണെന്ന് പറഞ്ഞ ചെയർപേഴ്സൺ അങ്ങിനെയെങ്കിൽ, വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും നിരാകരിക്കുകയായിരുന്നു. ചെയർപേഴ്സൺ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും തട്ടിപ്പുകാരെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കൗൺസിലർമാർ ആരോപണം ഉന്നയിച്ചു.


ഭരണകക്ഷി ബന്ധമുള്ള ഒരു തട്ടിപ്പു സംഘമാണ് എല്ലാ വർഷവും നഗരസഭയുടെ വളം വിതരണം നടത്തുന്നത്. ഇവരാണ് കർഷകരുടെ കൈകളിലെത്തേണ്ട ലക്ഷങ്ങൾ തട്ടിയെടുക്കുന്നതെന്നത്. യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭയുടെ ചുറ്റുമുള്ള പഞ്ചായത്തുകൾ കർഷകർക്ക് അവർക്കിഷ്ടമുള്ള വളം വാങ്ങാൻ അനുമതി നൽകുമ്പോൾ നഗരസഭാധികൃതർ വളം നേരിട്ട് വിതരണം ചെയ്യുന്നതിന് പിന്നിലെ കാരണം അഴിമതി നടത്താനാണെന്നും ഇത്തരക്കാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും യു ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.


പി രത്നവല്ലി ,വി പി ഇബ്രാഹിംകുട്ടി, കെ എം നജീബ്, മനോജ് പയറ്റുവളപ്പിൽ, എ അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, ഫാസിൽ നടേരി, വി വി ഫക്രുദ്ധീൻ, വത്സരാജ് കേളോത്ത്, പി ജമാൽ, അരീക്കൽ ഷീബ, എം ദൃശ്യ, ജിഷ, കെ ടി വി റഹ്മത്ത്, കെ എം സുമതി, ശൈലജ എന്നിവർ യോഗത്തിൽസംസാരിച്ചു.

Comments

COMMENTS

error: Content is protected !!