നമ്പറില്ലാത്ത കൂപ്പണുപയോഗിച്ച് പണപ്പിരിവ് എതിർത്ത ബിജെപി തിക്കോടി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടു
കൊയിലാണ്ടി: ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ട് വി പി ബൈജുവിനെ താൽക്കാലിക കൺവീനറായി നിയമിച്ച ജില്ലാ പ്രസിഡണ്ട് വി കെ സജീവന്റെ നടപടിക്കെതിരെ പിരിച്ചുവിട്ട പഞ്ചായത്ത് കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തി.
ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നൽകിയ കൂപ്പണുകളിൽ ഒന്നിനുപോലും സീരിയൽ നമ്പറുകൾ ഉണ്ടായിരുന്നില്ല. ഇത്തരം കൂപ്പണുകൾ ഉപയോഗിച്ച് ഫണ്ട് പിരിക്കുന്നത് സംഘടനയ്ക്കും പ്രവർത്തകർക്കും സമൂഹ മധ്യത്തിൽ അവമതിപ്പ് ഉളവാക്കുമെന്നത് കൊണ്ട്, കൂപ്പൺ ഉപയോഗിച്ച് ഫണ്ട് പിരിക്കാൻ പഞ്ചായത്ത് കമ്മറ്റി തയാറായിരുന്നില്ല. സംസ്ഥാനത്താകെ വിതരണം ചെയ്തത് ഇത്തരം നമ്പറില്ലാത്ത കൂപ്പണുകളാണെന്നും അതുപയോഗിച്ചാണ് എല്ലായിടത്തും പിരിവ് നടത്തിയതെന്നും ഇത്രയും കൂപ്പണുകളിൽ നമ്പർ അച്ചടിക്കുക അസാദ്ധ്യമാണെന്നും ജില്ലാ നേതാക്കൾ പറയുന്നു.
ജില്ലാ സംസ്ഥാന സമിതികളുടെ തീരുമാനങ്ങൾ അംഗീകരിക്കാത്ത കമ്മറ്റികളെ നിലനിർത്താനാവില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജില്ലാ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് തങ്ങളുടെ എതിർപ്പ് അറിയിച്ചതെന്നും അവർ അക്കാര്യം ശരിവെച്ചതാണെന്നും ആ കാരണം പറഞ്ഞ് പിരിച്ചുവിടുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അസാധാരണ നടപടിയായി മാത്രമേ കാണാനാവൂ എന്നും പിരിച്ചു വിട്ട പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ജില്ലകൾക്കും മണ്ഡലങ്ങൾക്കും പ്രത്യേകം സീരിയലുകൾ ഏർപ്പെടുത്തിയാൽ നമ്പർ അച്ചടിക്കാവുന്നതേയുള്ളൂ. അങ്ങിനെയാണ് എല്ലാവരും ചെയ്യുന്നത്. നമ്പറില്ലാത്ത കൂപ്പണുകളുപയോഗിച്ച് നടത്തിയ പണപ്പിരിവ് നേരത്തേയും പല വിധ ക്രമക്കേടുകൾക്ക് കാരണമായതാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്ത് പലവിധ അച്ചടക്ക നടപടികൾക്കും കാരണമായിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് നേതാക്കളുടെ നിലപാട്. അത് ആവർത്തിക്കാനാവില്ല.
ഈ സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും നിയമ വിരുദ്ധ നടപടിക്കെതിരെ നിയമപരമായും സംഘടനാപരമായും നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകാനുമാണ് യോഗത്തിൽ തീരുമാനമായതെന്ന് പിരിച്ചു വിട്ട ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബു ചെറുകുന്ന് സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡണ്ട് ശിവപ്രകാശ് അധ്യക്ഷം വഹിക്കുകയും ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് വിശ്വനാഥൻ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, ജിജീഷ്, ഷാജി മുക്കത്ത് തുടങ്ങിയവർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ 500, 200, 100 രൂപയുടെ കൂപ്പണുകൾ ഉപയോഗിച്ച് പണം പിരിക്കാനും തുടർന്ന് റസീറ്റുപയോഗിച്ച് വലിയ തുക പിരിക്കാനുമാണ് നേതൃത്വത്തിന്റെ തീരുമാനം. ഭീമമായ തുകയാണ് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് എന്ന പേരിൽ ഇങ്ങനെ പിരിച്ചെടുക്കുന്നത്.