നെടുങ്കണ്ടം കമ്പംമെട്ടില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

നെടുങ്കണ്ടം കമ്പംമെട്ടില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കമിതാക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാണ്ഡ്‌ല ജില്ലയില്‍ ബഹ്‌റടോള വാര്‍ഡ് നമ്പര്‍ 16ല്‍ സാഥുറാം(23), വാര്‍ഡ് നമ്പര്‍ 13ല്‍ മാലതി(21) എന്നിവരാണ് അറസ്റ്റിലായത്. പ്രസവിച്ചയുടന്‍  ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 

മെയ് ഏഴിന് രാത്രിയിലാണ് മാലതി ആണ്‍കുട്ടിയെ പ്രസവിച്ചത്. വിവാഹത്തിന് മുമ്പ് കുഞ്ഞുണ്ടാകുന്നതിന്റെ അപമാന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ മാര്‍ച്ച് 9നാണ് കമ്പംമെട്ട് ശാന്തിപുരം കുഞ്ഞസന്റെ പുരയിടത്തിലെ ജോലിക്കായി ഇരുവരും എത്തിയത്. കുഞ്ഞസന്റെ വീടിന്റെ സമീപത്തെ ഷെഡ്ഡിലായിരുന്നു വിവാഹം നിശ്ചയിച്ച ഇരുവരും താമസിച്ചിരുന്നത്. പ്രസവിച്ച ഉടന്‍ ശുചി മുറിയില്‍ വെച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു. കുട്ടി മരിച്ചെന്ന ധാരണയില്‍ ഇവര്‍ താമസിക്കുന്ന ഷെഡില്‍ കൊണ്ടുപോയി കിടത്തി. പ്രസവിച്ചപ്പോള്‍ തന്നെ ശിശു ശുചി മുറിയിലെ ക്ലോസറ്റില്‍ പതിച്ച് മരിച്ചെന്ന് പിറ്റേന്ന് രാവിലെ ഇവര്‍ കുഞ്ഞസനെയും കുടുംബത്തെയും അറിയിച്ചു.

കുഞ്ഞസനാണ് വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കുഞ്ഞിന് നേരിയ ശ്വാസോച്ഛാസം കണ്ടെത്തുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ തന്നെ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ കുട്ടിയുടെ കഴുത്തിലും വയറിലും ഞെരുക്കിയ പാടുകളും നഖത്തിന്റെ പോറലും കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പ്രസവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ മാലതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കമ്പംമെട്ട് എസ്എച്ച്ഒ വി എസ് അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ സണ്ണി, ഷാജി, സാബു, ഏലിയാമ്മ, വി എം ജോസഫ്, ജെറിന്‍ ടി വര്‍ഗീസ്, സുധീഷ്, ജോസി മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് മാലതിയുടെയും സാഥുറാമിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നാലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!