KOYILANDILOCAL NEWS

പഠിക്കുന്നത് ആൺകുട്ടികളും പെൺകുട്ടികളും പേര് ബോയ്സ് ഹൈസ്കൂൾ

കൊയിലാണ്ടിയിലെ പ്രസിദ്ധമായ ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഏറെക്കാലത്തെ നിരന്തര ആവശ്യത്തെത്തുടർന്ന് മിക്സഡ് സ്കൂളായി (പുതിയ പേര് -കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ) മാറിയെങ്കിലും ഇത്തവണത്തെ എസ് എസ് എൽ സി സർട്ടിഫിക്കറ്റിലും ബോയ്സ് ഹൈസ്കൂളായിത്തന്നെ തുടരുകയാണ്.


2016 – 2017 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ എല്ലാ കുട്ടികൾക്കും പ്രവേശനം അനുവദിച്ചു തുടങ്ങിയത്. സ്കൂളിനു മുന്നിലെ ബോർഡിലും, സ്പാർക്കിലുമൊക്കെത്തന്നെ ‘ബോയ്സ്’ പോയെങ്കിലും എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ നിന്ന് ‘ബോയ്സ’ ന് പോകാൻ എന്തോ ഒരു മടി. മുൻ വർഷങ്ങളിലെല്ലാം തന്നെ ഇതുസംബന്ധിച്ച അപേക്ഷകൾ തലസ്ഥാനത്തേക്കും, പരീക്ഷാ ഭവനിലേക്കും പോകുന്നുണ്ടെന്നാണ് ഹെഡ് ടീച്ചറും, പി ടിഎ പ്രസിഡണ്ടും, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമൊക്കെ പറയുന്നത്. പക്ഷെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇപ്പോഴും പഴയ പടി തന്നെ.

അതേസമയം തൊട്ടടുത്ത പഴയ ഗേൾസ് ഹൈസ്കൂൾ പന്തലായനി ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയ മുറക്കു തന്നെ സർട്ടിഫിക്കറ്റിലും മാറ്റം വരുത്താനായി. ‘ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ’ എന്ന സർട്ടിഫിക്കറ്റ് മാറ്റിക്കിട്ടാൻ എന്തു വഴിയെന്ന് അന്വേഷിക്കുകയാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്ന പെൺകുട്ടികളുടെ രക്ഷിതാക്കൾ.

പേരു മാറ്റത്തിനായി അധികൃതർക്ക് പരാതി നൽകാനാണ് രക്ഷിതാക്കളിൽ ചിലർ ആലോചിക്കുന്നത്. സർട്ടിഫിക്കറ്റിൽ പേരു മാറിയില്ലങ്കിലും ഈ വർഷത്തെ എസ് എസ്എ ൽ സി റിസൽറ്റിൽ നൂറു മേനിയുടെ തിളക്കത്തിലാണ് പഴയ ബോയ്സും ഗേൾസും ഹൈസ്കൂളുകൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button