പള്ളി പറമ്പിൽ നിന്നും മുറിച്ചുകടത്തിയ ചന്ദന തടിയുമായി രണ്ട് പേർ പിടിയിലായി

തലക്കുളത്തൂർ അന്നശേരി ജുമാമസ്ജിദ് പള്ളിക്കമ്മറ്റി പ്രസിഡൻറിൻ്റെ ഒത്താശയോടെ പള്ളി പറമ്പിൽ നിന്നും മുറിച്ചുകടത്തിയ ചന്ദന തടിയുമായി രണ്ട് പേർ പിടിയിലായി.  കണ്ണിപറമ്പ് സ്വദേശി നായന്നൂർ മീത്തൽ അബൂബക്കർ(70), കുറ്റിക്കടവ് സ്വദേശി കാളാമ്പലത്ത് കെ ടി അബ്ദുൽ കരീം (54) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരിൽനിന്ന്‌ 30 കിലോയോളം ചന്ദനവും ആയുധങ്ങളും മോട്ടോർ സൈക്കിളും പിടികൂടി. 
തലക്കുളത്തൂർ ഭാഗത്തെ ജുമാ മസ്ജിതിൻ്റെ ഉടമസ്ഥതയിൽ മതിലകം ക്ഷേത്രത്തിനു സമീപമുള്ള സ്ഥലത്തു നിന്നുമാണ് ചന്ദനമരം മുറിച്ചത്. പള്ളിക്കമ്മറ്റി പ്രസിഡൻറ് വിൽപ്പന നടത്തിയ തടിയാണ് പ്രതികൾ കടത്തിക്കൊണ്ട് പോയതെന്ന് പിടിയിലായവർ പറഞ്ഞു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്നശ്ശേരിയിൽ നടത്തിയ പരിശോധനയിൽ 35 കിലോയോളം വരുന്ന 7 കഷണം ചന്ദന തടികളും, തടി കടത്താൻ ഉപയോഗിച്ച ബൈക്കും പിടികൂടി. ആക്കോട് അഷറഫിൻ്റെ വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത് ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.അഷറഫ് വനത്തിൽ നിന്നും ചന്ദനം മോഷ്ടിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്.പള്ളിക്കമ്മിറ്റി പ്രസിഡൻ്റ് അന്നശ്ശേരി സ്വദേശി യൂസഫും കേസിൽ പ്രതിയാണ്, ഇയാളെയും പിടികൂടിയിട്ടില്ല.

റയിഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ രാജീവ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.കെ പ്രവീൺ കുമാർ, വിജയകുമാർ എം സി, ബി എഫ് ഒമാരായ ഭവ്യ ഭാസ്കർ, ആൻസി ഡയാന, ജിതേഷ് എന്നിവർ ചേർന്ന് ഇന്നലെയാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്ന് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

 

Comments

COMMENTS

error: Content is protected !!