മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  ലോകത്തെ ഒന്നാകെ അട്ടിമറിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.  മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.  കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

ആൾക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം നൽകിയ നിർദേശങ്ങൾ തുടരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്.

കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് ഒഴിവാക്കാം എന്ന് കേന്ദ്രം നിർദേശം നൽകിയത്. 

 

 

Comments

COMMENTS

error: Content is protected !!