പേരാമ്പ്രയിലും പരിസര പ്രദേശത്തും മഞ്ഞ മഴ പ്രതിഭാസം
പേരാമ്പ്രയിലും പരിസര പ്രദേശത്തും മഞ്ഞ മഴ. പേരാമ്പ്ര പട്ടണത്തില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിച്ചു. ഇന്ന് പകല്‍ 12.15 ഓടെയാണ് കക്കാട് ഭാഗത്തുള്ള വര്‍ക്ക്ഷോപ്പ് ജിവനക്കാര്‍ക്ക് മഴചാറുന്നത് പോലെ അനുഭവപ്പെട്ടത്. ദേഹത്ത് പതിച്ച വെള്ളതുള്ളികള്‍ക്ക് മഞ്ഞ നിറം കണ്ടതോടെ ഇവര്‍ അന്തരീക്ഷത്തിലേക്ക് നോക്കിയപ്പോള്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിക്കുന്നതായി കണ്ടു.
നേരിയ ചാറ്റല്‍ മഴയുടെ നിലയിലായിരുന്നു ദ്രാവകം പതിച്ചതെന്ന് ഇവര്‍ പറഞ്ഞു. റോഡിലും സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലും ആളുകളുടെ ദേഹത്തും ഇത് പതിച്ചത് വ്യക്തമായി കാണാനുമുണ്ട്. ഇവിടെ ഉണ്ടായിരുന്ന വര്‍ക്ക് ഷോപ്പ് ഉടമ രാജേഷ് പേരാമ്പ്ര പട്ടണത്തിലെ ഓട്ടോ സ്റ്റാന്റിലെത്തിയപ്പോള്‍ അവിടെയുള്ള ഓട്ടോറിക്ഷകളുടെ ഗ്ലാസിലും വുഡിലും മഞ്ഞനിറം കണ്ടതോടെ ഇവിടെയും ഈ പ്രതിഭാസം ഉണ്ടായതായി അനുമാനിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര പട്ടണത്തില്‍ ബസ് സ്റ്റാന്റ്, ചെമ്പ്ര റോഡ് ഉള്‍പ്പെടെ മിക്ക ഭാഗത്തും വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിച്ചതായി കണ്ടു. വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ട്. ഇത് എന്ത് പ്രതിഭാസമാണെന്ന ആശങ്കയിലാണ് പേരാമ്പ്രക്കാര്‍.