പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചിത്രരചനാ ക്യാമ്പ്

പേരാമ്പ്ര: കേരള പൊലീസ് അസോസിയേഷന്റെ മുപ്പത്തേഴാമത് കോഴിക്കോട് റുറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, പേരാമ്പ്രയില്‍ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില്‍ രണ്ടിന് പേരാമ്പ്രയിലാണ് ജില്ല സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി ഫുട്ബോള്‍,ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തി. കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കഥ, കവിതാ രചനാ മത്സരങ്ങളും നടത്തി. ഇന്നലെ ബുധനാഴ്ച രാവിലെ പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളിലാണ് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പൊലിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ക്യാമ്പ് ചിത്രകാരനും അധ്യാപകനുമായ സി കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം ശരത്കൃഷ്ണ അധ്യക്ഷനായിരുന്നു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ല നിര്‍വ്വാഹക സമിതി അംഗം സി കെ അജിത് കുമാര്‍, പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകനും ചിത്രകാരനുമായ രതീഷന്‍ മടപ്പള്ളി എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ. അജീഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പ്രബീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെഭാഗമായി കുടുംബ സംഗമവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് ഐ പി എസ് ഉപഹാര സമര്‍പ്പണം നടക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി പൊലീസ് കുടുംബാംഗങ്ങളുടെയും, പ്രഫഷണല്‍ കലാകാരന്മാരുടെയും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!