തകർന്നു കിടക്കുന്ന ചെമ്പ്ര പേരാമ്പ്ര റോഡ് ഗതാഗത യോഗ്യമാക്കണം കോൺഗ്രസ് ധർണ്ണ

പേരാമ്പ്ര: തകർന്നു കിടക്കുന്ന ചെമ്പ്ര (കുളത്തുവയൽ) പേരാമ്പ്ര റോഡ് ഉടൻ ഗതാഗതയോഗ്യ മാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസു ചെമ്പ്ര അങ്ങാടിയിൽ ധർണ്ണ സംഘടിപ്പിച്ചു. റോഡിൻ്റെ ചെമ്പ്രപ്പാലം വരെയുള്ള മുക്കാൽ കിലോമീറ്റർ ഭാഗം പൊട്ടിത്തകർന്നു വാഹനയാത്ര അതി ദുസഹമായിട്ടും പൊതു മരാമത്തധികൃതർ തികഞ്ഞ അലംഭാവമാണു പുലർത്തുന്നതെന്നു സമരക്കാർ ആരോപിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്
ജലജീവൻ പദ്ധതിയുടെ പേരിൽ പൈപ്പിടാൻ തലങ്ങും വിലങ്ങും വെട്ടിക്കീറി ഗർത്തമാക്കിയതോടെ റോഡിൻ്റെ സ്ഥിതി കൂടുതൽ പരിതാപവസ്ഥയിലാണ്. മഴക്കാലത്തിനു മുമ്പ് പാത നേരെയാക്കാത്ത പക്ഷം യാത്ര കൂടുതൽ ദുഷ്കരമാകുമെന്നു കോൺഗ്രസ് ചെമ്പ്ര മേഖല കമ്മിറ്റി ധർണ്ണയിൽ ചൂണ്ടിക്കാട്ടി. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോർജ് മുക്കള്ളിൽ അധ്യക്ഷനായിരുന്നു. സി എം അബൂബക്കർ, രജീഷ് എടക്കാട്ടിൽ, ചെക്കോട്ടി വണ്ണാറത്ത്, ഉമ്മർ പുതുക്കുടി, ബാബു പള്ളിക്കൂടം, കെ കെ വാസു, കെ സി മൊയ്തി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!