ഫറോക്ക് കല്ലമ്പാറ കഷായപ്പടി മേഖലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഫറോക്ക് : ഫറോക്ക് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷൻ കല്ലമ്പാറയിലെ കഷായപ്പടി മേഖലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒന്നര വയസ്സുകാരനാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത വയറുവേദനയെത്തുടർന്ന് കുട്ടിയെ മൂന്നുദിവസം മുമ്പ് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബുധനാഴ്ചയും ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. ഇതേത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഫറോക്ക് താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം രോഗം സ്ഥിരീകരിച്ച വീടുൾപ്പെടെ നൂറ്റിപ്പത്ത് വീടുകളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും പ്രാഥമിക കൃത്യം നിർവഹിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നും രോഗലക്ഷണമുള്ളവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ കെ. മുസ്തഫ പറഞ്ഞു. ഡിവിഷൻ കൗൺസിലർ രാധാകൃഷ്ണൻ, ജെ.എച്ച്.ഐ. മാരായ ടി.പി. മുഹമ്മദ്, എം. റിസ്വാന, ആശാ പ്രവർത്തകരും സ്ഥലത്തെത്തി.

Comments

COMMENTS

error: Content is protected !!