ബേപ്പൂർ വാണിജ്യ തുറമുഖത്തിന്റെ വാർഫ് ബേസിനും കപ്പൽ ചാലും ആഴംകൂട്ടും
ഫറോക്ക് :ബേപ്പൂർ വാണിജ്യ തുറമുഖത്തിന്റെ വാർഫ് ബേസിനും കപ്പൽ ചാലും ആഴം കൂട്ടുന്നതുൾപ്പെടെയുള്ള വികസന പദ്ധതികൾ ഉടൻ ആരംഭിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വിളിച്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട യോഗതീരുമാനപ്രകാരം തുറമുഖ വളപ്പിന്റെ വർക്കിങ് ഗ്രൂപ്പ് ചേർന്ന് വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകും. ഇതിന് മുന്നോടിയായി, ഏറ്റവും പ്രാമുഖ്യം നൽകുന്ന ആഴം കൂട്ടൽ പ്രവൃത്തിയുടെ രൂപരേഖ തയ്യാറാക്കാൻ ഹൈഡ്രോളിക് സർവേ വിഭാഗവുമായി പോർട്ട് ഓഫീസർ ചർച്ചനടത്തി.
ആഴക്കുറവ് കാരണം വലിയ ചരക്കു കപ്പലുകൾക്കും കണ്ടെയ്നർ കപ്പലുകൾക്കും തുറമുഖത്തടുക്കാൻ പ്രയാസമാണ്. സാധാരണ ചരക്കുകപ്പലുകൾപോലും വേലിയേറ്റ സമയത്താണ് കൂടുതലായും തീരമണയുന്നത്. ഇപ്പോൾ മൂന്നര മുതൽ നാലുവരെ മീറ്ററാണ് ആഴം. ഇത് ഏഴ് മീറ്ററാക്കി വർധിപ്പിക്കാനാണ് തീരുമാനം. ഇതിന് കുറഞ്ഞത് 50 കോടി രൂപയെങ്കിലും ചെലവുവരും.
ആഴം അഞ്ച് മീറ്ററെങ്കിലും വർധിപ്പിക്കാനായാൽ 5000 ടൺ വഹിക്കാൻ ശേഷിയുള്ള കപ്പലുകൾക്ക് അനായാസം അഴിമുഖംവഴി കപ്പൽ ചാലുകളിലൂടെ തുറമുഖത്ത് നങ്കൂരമിടാനാകുമെന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനി പ്രതാപ് പറഞ്ഞു.
ഇതോടൊപ്പം 25.25 കോടി ചെലവിട്ട് തുറമുഖ വകുപ്പ് ഏറ്റെടുത്ത 3.83 ഏക്കർ ബേപ്പൂർ കോവിലകം ഭൂമിയിൽ ചരക്ക് സംഭരണത്തിനും കയറ്റിറക്കലിനുമായി വിശാലമായ സംഭരണശാല നിർമിക്കാനും പദ്ധതിയുണ്ട്. ഏറ്റെടുത്ത സ്ഥലത്ത് ഒന്നര കോടി ചെലവഴിച്ച് ചുറ്റുമതിൽ നിർമാണം പുരോഗമിക്കുകയാണ്. തൊഴിലാളികൾക്കും മറ്റുള്ളവർക്കുമായി ഡോർമിറ്ററി – കം -കാന്റീനും നിർമിക്കും.
വാർഫ് നീളം കൂട്ടൽ ഉൾപ്പെടെ തുറമുഖത്തിന്റെ വികസനത്തിനായി 430 കോടി രൂപയുടെ സമഗ്ര പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല.