SPECIAL
ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവ, നിമിഷങ്ങള്‍ കൊണ്ട് വൈറലായി ഭയപ്പെടുത്തുന്ന ദൃശ്യം
വയനാട്: ശാന്തമായ അന്തരീക്ഷം. ബൈക്കില്‍ സഞ്ചരിക്കുകയാണ് രണ്ടുപേര്‍. റോഡിനിരുവശവും കാടാണ്. ബൈക്ക് യാത്രികരിലൊരാള്‍ തങ്ങളുടെ യാത്ര ഫോണില്‍ പകര്‍ത്തുന്നുമുണ്ട്. പക്ഷേ കാര്യങ്ങള്‍ മാറി മറിഞ്ഞത് പൊടുന്നനേയായിരുന്നു. മിന്നല്‍ വേഗത്തിലാണ് റോഡരികില്‍ നിന്നിരുന്ന ഒരു കടുവ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി – പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിലാണ് സംഭവം നടന്നത്. ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയാണ് ചെയ്തത്. യാത്രയ്ക്കിടെ അങ്ങനെയൊരു നീക്കം റോഡരികില്‍ നിന്നുണ്ടാവുമെന്ന് ബൈക്ക് യാത്രികര്‍ ഇരുവരും വിചാരിച്ചു കാണില്ല. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളുടെ അതിര്‍ത്തി ഭാഗത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിമിഷങ്ങള്‍ക്കകമാണ് ഭീതിയുണര്‍ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.
വിവരം ലഭിച്ചതനുസരിച്ച് ചെതലയം റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം വൈകീട്ട് പ്രദേശത്ത് എത്തിയിരുന്നു. വന്യമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും മറ്റ് യാത്രികരും കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം ഈ വീഡിയോ ആരാണ് എടുത്തതെന്ന് വ്യക്തമായിട്ടില്ലെന്ന് ചെതലയം റേഞ്ച് ഓഫീസര്‍ വി.രതീശന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വനപാതയായതിനാല്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. വയനാട്, ബന്ദിപ്പൂര്‍, നാഗര്‍ഹോള മേഖലകള്‍ ഒത്തിണങ്ങിയ വനപ്രദേശമായതിനാല്‍ കടുവകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments