ബ്രഹ്മപുരത്തെ കരാര്‍ കമ്പനിക്കെതിരായ അന്വേഷണം ആരംഭിക്കാൻ വിജിലന്‍സ്

ബ്രഹ്മപുരം ജൈവമാലിന്യ കരാര്‍ കമ്പനിക്കെതിരായ വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തെ തുടര്‍ന്ന്‌ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം വിവാദമായതിന് പിന്നാലെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം.

അനുമതിക്കായി സര്‍ക്കാരിന് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. 250 ടണ്‍ ജൈവമാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത കമ്പനി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണം ഉയര്‍ന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവ് മാനേജിങ് പാര്‍ട്ണറായ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്‌കരണ കരാര്‍. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ത്വരിതപരിശോധന നടത്താന്‍ കഴിയാത്തതെന്നായിരുന്നു വിജിലന്‍സിന്റെ വിശദീകരണം.

കോടതി ഉത്തരവുണ്ടെങ്കിലും അനുമതിക്കായി വിജിലന്‍സ് സര്‍ക്കാരിന് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടികളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരാതിക്കാരനോട് നേരിട്ട് ഹാജരാകാനാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ രേഖകള്‍ ഹൈക്കോടതി വിളിച്ചുവരുത്തിയതിനിടെയാണ് വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്.

Comments

COMMENTS

error: Content is protected !!