മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍  ആരംഭിച്ചു. ഗര്‍ഭിണികള്‍,  കൊറോണ ഒഴികെയുള്ള രോഗങ്ങള്‍  കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍,  സന്ദര്‍ശക  വിസയിലെത്തി കുടുങ്ങിപോയവര്‍  മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിഗണന.

 

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഇല്ലാത്തതിനാല്‍ ആരും തിരക്കു കൂട്ടേണ്ടെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. WWW. NORKAROOTS.ORG എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 

മുന്‍ഗണനാ പട്ടിക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിക്കുകയും മാര്‍ഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങള്‍ ഗര്‍ഭിണികള്‍ കൊറോണയല്ലാത്ത രോഗമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനപട്ടികയിലുള്ളത്.

 

മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ആദ്യ പടിയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ലിങ്ക് അര്‍ധരാത്രിയോടെ ആക്റ്റീവാകുമെന്ന പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇന്നു തന്നെ ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാമെന്നാണ് പ്രതീക്ഷ.

 

സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

 

അതേസമയം പ്രവാസികളെ തിരികെയത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

 

പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക.

 

നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!