കാലിക്കറ്റില്‍ ഇന്റഗ്രേറ്റഡ് പി ജി: പ്ലസ്ടു ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി ജി കോഴ്സുകളിലെ പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. അഞ്ച് വര്‍ഷത്തെ കോഴ്സുകളിലേക്ക് പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. (നിശ്ചിത ശതമാനം മാര്‍ക്കോടെയുള്ള എച്ച്എ സ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, അംഗീകൃത സംസ്ഥാന ബോര്‍ഡുകള്‍ തുടങ്ങിയവയുടെ അംഗീകൃത പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.)

ഏപ്രില്‍ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 21,22 എന്നീ തിയ്യതികളിലാണ് പരീക്ഷ.

ഇന്റഗ്രേറ്റഡ് എം എസ്സി  പ്രോഗ്രാമുകളായ ബയോസയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം എ  ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് അവസരം. ഗവേഷണാധിഷ്ഠിത പഠനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പാഠ്യപദ്ധതി.

ഫിസിക്സ് കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്ലസ്ടുവാണ് ബയോ സയന്‍സ് പ്രവേശനത്തിനുള്ള യോഗ്യത.

ഇന്റഗ്രേറ്റഡ് എം എസ്സി  ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം എസ്സി  കെമിസ്ട്രി എന്നിവക്ക് പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങള്‍ക്ക് പുറമെ മാത്സ് കൂടി പഠിച്ചിരിക്കണം. കൂടാതെ പ്ലസ്ടുവിന് ജനറല്‍ വിഭാഗത്തിലുള്ളവര്‍ 70% നും ഒ.ബി.സി വിഭാഗക്കാര്‍ 65% നും എസ് സി/എസ് ടി /പി. ഡബ്ല്യൂഡി എന്നീ വിഭാഗങ്ങളിലുള്ളവര്‍ 60% നും മുകളില്‍ മാര്‍ക്ക് നേടിയിരിക്കണം.

ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് എം എ ഡെവലപ്മെന്റ് സ്റ്റഡീസിനുള്ള യോഗ്യത.

ഇന്റഗ്രേറ്റഡ് എം എസ് സി ഫിസിക്‌സ്, ഇന്റഗ്രേറ്റഡ് എം എസ് സി കെമിസ്ട്രി , ഇന്റഗ്രേറ്റഡ് എം എ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ആദ്യത്തെ മൂന്ന് വര്‍ഷത്തിന് ശേഷം എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇന്റഗ്രേറ്റഡ് എം എസ് സി ബയോസയന്‍സിന് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതല്ല. എക്‌സിറ്റ് ഓപ്ഷന്‍ ഉള്ള പ്രോഗ്രാമുകള്‍ക്ക് മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി എക്‌സിറ്റ് എടുക്കുന്നവര്‍ക്ക് പ്രസ്തുത വിഷയത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് 15 സീറ്റുകള്‍ വീതവും ബയോ സയന്‍സ്, ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവക്ക് യഥാക്രമം 20, 30 സീറ്റുകള്‍ വീതവുമാണുള്ളത്. കോഴ്സിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്: 04942407345, 2407346

ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാഫീസ് ജനറല്‍ കാറ്റഗറി 550 രൂപയും എസ്.സി/എസ്.ടി 240 രൂപയുമാണ്.

അധികം വരുന്ന ഓരോ പ്രോഗ്രാമിനും 80 രൂപ വീതം അടയ്ക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും admission.uoc.ac.in സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.

Comments

COMMENTS

error: Content is protected !!