മയക്കുമരുന്ന് പിടികൂടിയത് ജുമാമസ്ജിദ് പരിസരത്ത് നിന്നല്ല
കൊയിലാണ്ടി: കുറുവങ്ങാട് ജുമാ മസ്ജിദ് പരിസരത്ത് നിന്ന് മയക്കുമരുന്നുമായി പിടിയിലായി” എന്ന നിലയിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് മസ്ജിദ് പ്രസിഡണ്ട് പി കെ കുഞ്ഞായൻ കുട്ടി ഹാജി സെക്രട്ടറി പി വി മുസ്തഫ എന്നിവർ ഒരു പത്രകുറിപ്പിൽ അറിയിച്ചു. ജുമാമസ്ജിദ് പരിസരത്ത് അത്തരം ഒരു സംഭവം നടന്നിട്ടില്ല. മാവിൻ ചുവട് ചെറിയ കനാലിന് (ഫ്രീൽഡ് ബൂത്തി) സമീപത്തുള്ള ഒരു വീട്ടിൽ നിന്ന് പോലീസ് സംഘം മയക്കുമരുന്ന് പിടികൂടിയതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തതിനും പ്രദേശവാസികൾ സാക്ഷികളാണ്. വീട്ടിനകത്ത് നിന്നാണ് രണ്ട് ചെറുപ്പക്കാരെ പിടികൂടിയത്. അവരുടെ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉമ്മറവാതിൽ താക്കോലിട്ട് അടച്ചിരുന്ന വീടിന് പിറകിൽ ഏണിചാരി മുകൾ നിലയിൽ കയറി, അത് വഴിയാണ് പോലീസുകാർ അകത്ത് കയറിയത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശവാസിയായ ഒരു മരപ്പണിക്കാരന്റെ സഹായത്തോടെയാണ് മുകൾ നിലയിൽ അടച്ചിട്ട അലമാര തുറന്നു പരിശോധിച്ചത്. ഇതിനൊക്കെ സമീപവാസികൾ സാക്ഷികളുമാണ്. വസ്തുത ഇതായിരിക്കേ ജുമാമസ്ജിദ് പരിസരത്ത് വെച്ച് ബൈക്കിൽ നിന്ന് മയക്കുമരുന്ന് പിടികൂടി എന്ന നിലയിൽ വാർത്ത വന്നത് ദുരൂഹമാണ്. സംഭവ സ്ഥലത്ത് നിന്ന് ദൂരെയുള്ള ജുമാമസ്ജിദിന്റെ പേര് വാർത്തയിലുപയോഗിച്ചത് തെറ്റിദ്ധാരണകൾക്ക് കാരണമാകാനും അത് വിചാരണക്കാലത്ത് പ്രതികൾക്കനുകൂലമായ തെറ്റായ തെളിവായി മാറാനും ഇടയുണ്ട്. അതുകൊണ്ട് വാർത്തയിൽ ആവശ്യമായ തിരുത്ത് വരുത്തണമെന്നും മസ്ജിദ് ഭാരവാഹികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടു.