എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാർ വരുന്നു

സ്ത്രീധനം തടയാനുള്ള ഡൌറി പ്രോഹിബിഷൻ ഓഫീസർമാരെ എല്ലാ ജില്ലകളിലും നിയമിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഹൈക്കോടതിയിലെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റി  സ്ത്രീധനമരണങ്ങൾ : വ്യക്തിനിയമങ്ങളും പിന്തുടർച്ചാവകാശങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഹൈക്കോടതി പരിഗണിച്ച പൊതുതാൽപ്പര്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഈ വിഷയം പരാമർശിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണൽ ഓഫീസുകളിലാണ് ഡൌറി പ്രോഹിബിഷൻ ഓഫീസർമാര്‍ ഉണ്ടായിരുന്നത്. ഇതുമാറ്റി എല്ലാ ജില്ലയിലും ഓഫീസർമാരെ നിയമിക്കും. പുതുതായി രൂപീകരിച്ച കേരള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് ഈ ഉദ്യോഗസ്ഥര്‍ വരിക. എന്നാല്‍ വകുപ്പിന്റെ രൂപീകരണം പൂര്‍ത്തിയായിട്ടില്ല. വകുപ്പിലെ  ബന്ധപ്പെട്ട ഓഫീസർക്ക് അധികചുമതല  നൽകി തസ്തിക പുനർനാമകരണം ചെയ്യുന്നത് അവസാന ഘട്ടത്തിലാണ്. ഉടനെ ഉത്തരവിറങ്ങും- മന്ത്രി  പറഞ്ഞു.

റീജിയണല്‍ ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ വളരെ വിരളമായേ പരാതി വന്നിരുന്നുള്ളൂ. നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാകും എന്നതിനാലാകാം ഇത്. ആരെങ്കിലും കൊല്ലപ്പെടുമ്പോഴോ കടുത്ത പീഡനം മൂലം വീട് വിട്ടിറങ്ങേണ്ടി വരുമ്പോഴോ മാത്രമാണ് കേസുണ്ടാകുന്നത്. ഈ സ്ഥിതി മാറാന്‍ പൊതുബോധം ശക്തിപ്പെടണമെന്ന് മന്ത്രി പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!