മരം മുറി കേസിലെ ധർമ്മടം ബന്ധം എന്താണ്. പ്രതിപക്ഷം നിയമ പോരാട്ടത്തിനിറങ്ങും – വി.ഡി സതീശൻ

മുട്ടില്‍ മരം മുറി കേസിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

“മുഖ്യമന്ത്രിയ്ക്ക്നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.  ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള ധര്‍മ്മടം ബന്ധം എന്താണെന്നാണ് വ്യക്തമാക്കേണ്ടതുണ്ട്,”

“വനംവകുപ്പില്‍ സത്യസന്ധമായ നിലപാടെടുത്ത ഒരു ഉദ്യോഗസ്ഥന്‍ ഉള്ളതുകൊണ്ടാണ് കള്ളക്കച്ചവടം പിടിക്കപ്പെട്ടത്. അതേ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുണ്ട്. അവരാണ് ഈ മരം മുറി മാഫിയയുടെ അടുത്തയാളുകള്‍. മരം മാഫിയയെ സഹായിച്ചെന്ന ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി മാറ്റുകയും ചെയ്തു എന്നും വി.ഡി സതീശൻ പറഞ്ഞു”

“ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഫയൽ പതിയെ മുട്ടിലിഴഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മുഖ്യമന്ത്രി, അയാളുടേത് ഒരു സാധാരണ ട്രാന്‍സ്ഫര്‍ എന്ന നിലയില്‍ ഒതുക്കി തീര്‍ത്തു. ഈ ഫയലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്,” വിഡി സതീശൻ പറഞ്ഞു.

“ആദിവാസികളെ കബളിപ്പിച്ചാണ് മരംകൊള്ള നടത്തിയത്. എന്നാല്‍ ആദിവാസികള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. മരം മുറി വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം. ഇതിനു സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം നിയമ പോരാട്ടത്തിനിറങ്ങും,”

നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും വിഡി സതീശൻ പറഞ്ഞു. “ആദിവാസികളെ കബളിപ്പിച്ചവര്‍ക്കെതിരെ എസ്.ഇ- എസ്.ടി അതിക്രമത്തിന് കേസെടുക്കണം. അത് ഒഴിവാക്കാനാണ് ആദിവാസികള്‍ക്ക് എതിരെ മുന്‍കൂറായി കേസെടുത്തത്. നിഘണ്ടു നോക്കിയുള്ള നിയമോപദേശങ്ങളുടെ കാലത്ത് യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്” വിഡി സതീശൻ പറഞ്ഞു.

Comments

COMMENTS

error: Content is protected !!