മലമ്പുഴ അണക്കെട്ട് തുറന്നു. കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ്സ് മുങ്ങി
മലമ്പുഴ അണക്കെട്ട് നിറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിനിൽക്കുകയാണ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാം തുറന്നു വിട്ടതിനാൽ ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകൾ ഇന്നലെ തന്നെ തുറന്നു വിട്ടിരുന്നു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികൾ റിപ്പോർട്ട് ചെയ്യുന്നത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് പൊലീസിനെയും ഫയർ ഫോഴ്സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡിൽ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡിൽ വെള്ളം കയറി.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.