KERALA

മലയാളി വിദ്യാർഥി അഖിൻ എസ് ദിലീപിന്റെ മരണം: കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു

പഞ്ചാബിലെ ലവ് ലി പ്രഫഷണൽ സർവകലാശാലയിൽ മരിച്ച മലയാളി വിദ്യാർഥി അഖിൻ എസ് ദിലീപിന്റെ മരണത്തിൽ എൻ.ഐ.ടി ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണയ്‌ക്കെതിരെയാണ് കേസെടുത്തത്. പ്രൊഫ. പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് എൻ.ഐ.ടി വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ചേർത്തല സ്വദേശിയായ അഖിന്റെ മരണം മറയ്ച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചു എന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അഖിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ പരാമർശമുണ്ട്. നേരത്തെ എൻ.ഐ.ടിയിലായിരുന്നു അഖിൻ പഠിച്ചിരുന്നത്. പിന്നീട് ഇവിടുത്തെ പഠനം പല കാരണങ്ങളാൽ അവസാനിപ്പിക്കുകയായിരുന്നു. എൻ.ഐ.ടി ഡയറക്ടർ വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിർത്തിച്ചു എന്നായിരുന്നു ആത്മഹത്യകുറിപ്പിലുള്ളത്.

അന്ന് പഠനം നിർത്താനുള്ള തീരുമാനം തെറ്റായിരുന്നെന്നും അതിൽ ഒരുപാട് ഖേദിക്കുന്നെന്നും കുറിപ്പിൽ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും കുറിപ്പിലുണ്ട്. എൻ.ഐ.ടിയിൽ നിന്ന് പഠനം നിർത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്നാണ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കപൂർത്തല പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. അഗിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥി പ്രതിഷേധം നടന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് പൊലീസ് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button