മലയോര ഹൈവേ; സമരസമിതിയുമായുണ്ടാക്കിയ ധാരണ ലംഘിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പെരുവണ്ണാമൂഴി: മരുതോങ്കര നിന്നും പെരുവണ്ണാമൂഴിയിലേക്കുള്ള മലയോര ഹൈവേ റൂട്ട് അലൈൻമെൻ്റ് പ്രശ്നത്തിൽ ചെമ്പനോട് മേഖലയിലെ ജനങ്ങൾ വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നു. മാർച്ച് അഞ്ചിന് കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലെ തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കാത്തതാണു നാട്ടുകാരെ പ്രകോപിതരാക്കിയത്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതു വരെ സർവെ അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുകയില്ലെന്നായിരുന്നു യോഗത്തിലുണ്ടായ ധാരണ.

അതേസമയം ഒരു ദിവസം പോലും മുടക്കം കൂടാതെ മുള്ളൻകുന്നു, പടത്തുകടവ്, പന്തിരിക്കര വഴി സർവ്വേ നിർബാധം നടക്കുന്നതായി കർമ്മസമിതി ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സർവെ തടയാൻ കർമ്മസമിതി ഭാരവാഹികൾ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ പെരുവണ്ണാമൂഴി താഴത്തു വയലിൽ സംഘടിച്ചെങ്കിലും വിവരം മുന്നേ അറിഞ്ഞ സർവേ ഉദ്യോഗസ്ഥർ പരിപാടി നിർത്തി സ്ഥലം വിടുകായിന്നു എന്ന് പറയുന്നു. പാതയോരത്തു യോഗം ചേർന്നു സർവേക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ചെയർമാനും സി പി എം നേതാവുമായ സി കെ ശശി ഉദ്ഘാടനം ചെയ്തു. കൺവീനറും കോൺഗ്രസ് നേതാവുമായ കെ എ ജോസ് കുട്ടി അധ്യക്ഷനായിരുന്നു. പി സി ഷാജു, ഫ്രാൻസീസ്‌ കിഴക്കരക്കാട്ട്, ആവള ഹമീദ്, ഷാജു ഇലന്തൂർ, രാജീവ് തോമസ്, വി ജെ പൗലോസ്, ടോമി വള്ളിക്കാട്ടിൽ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സർവേ തടയുമെന്നു സമിതി പ്രഖ്യാപിച്ചു.

Comments

COMMENTS

error: Content is protected !!