CRIME
മലയൻകീഴിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ
തിരുവനന്തപുരം മലയൻകീഴിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപ് പിടിയിലായത്. ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.
ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഭാര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും മൂക്കിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ഇയാൾ ഒരു സ്ഥിരം മദ്യപാനിയാണ്. ഭാര്യ ജോലിയ്ക്ക് പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവിന്റെ മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്, മേപ്പുക്കട സ്വദേശി ദിലീപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മദ്ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മർദ്ദനം അവസാനിപ്പിച്ചില്ല. തുടർന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ ഉണ്ട്. ജോലിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാർജിൻഫ്രീ ഷോപ്പിൽ പോകുന്നതെന്നും യുവതി പറയുന്നുണ്ട്.
ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരിൽ ചിലർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് മലയിൻകീഴ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ മർദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് വധശ്രമം ചുമത്തി ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായതാണ് ദിലീപും യുവതിയും. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.
Comments